വഴിക്കടവിൽ ആദിവാസി യുവതിക്ക് എലിപ്പനി
text_fieldsനിലമ്പൂർ: വഴിക്കടവിലെ ആദിവാസി യുവതിക്ക് എലിപ്പനി സ്ഥിരീകരിച്ചു. പൂവ്വത്തിപൊയിലിലെ 42കാരിക്കാണ് എലിപ്പനി സ്ഥിരീകരിച്ചത്. പനിയും വിറയലും ഛർദിയും അനുഭവപ്പെട്ട ഇവരെ ഒരാഴ്ച മുമ്പ് നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അസുഖം ഭേദമായി ഇപ്പോൾ കോളനിയിലെ വീട്ടിലേക്ക് പോന്നു. ശേഷമാണ് പരിശോധന റിപ്പോർട്ടിൽ എലിപ്പനിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. പനിയും ഛർദിയും മൂലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച് പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്ത യുവതിയുടെ ബന്ധു 64കാരൻ ഈമാസം ഒന്നിന് കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ചിരുന്നു. മരണശേഷം ലഭിച്ച റിപ്പോർട്ടിൽ ഇയാൾക്കും എലിപ്പനിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.
യുവതിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. വഴിക്കടവ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ റെജിെൻറ നേതൃത്വത്തിൽ വാർഡ് മെംബർ കൂടിയായ ആശ വർക്കർ മുക്രിത്തൊടിക റൈഹാനത്ത്, മറ്റ് ആശ വർക്കർമാർ എന്നിവർ ചൊവ്വാഴ്ച പ്രദേശത്തെ നൂറ് വീടുകളിൽ ആരോഗ്യ സർവേ നടത്തി. സർവേയിൽ ആർക്കും ആരോഗ്യ പ്രശ്നങ്ങളുള്ളതായി കണ്ടെത്തിയിട്ടില്ല. സർവേ നടത്തുന്നതിനിടെ പ്രതിരോധ ഗുളിക വിതരണവും കൊതുക് നശീകരണവും നടത്തി. അടുത്ത ദിവസം വെള്ളക്കെട്ടുകളിലും കിണറുകളിലും ക്ലോറിനേഷൻ നടത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.