പനിയിൽ വിറച്ച് മലപ്പുറം ജില്ല
text_fieldsമലപ്പുറം: കാലവർഷം ശക്തമായതോടെ പനിയിൽ വിറച്ച് മലപ്പുറം. ആശുപത്രികളിൽ പകർച്ചപ്പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. മൂന്ന് ജില്ല ആശുപത്രികളിലെയും പനി ക്ലിനിക്കിൽ 2000ത്തിന് മുകളിലാണ് ദിവസവും എത്തുന്നവരുടെ എണ്ണം. താലൂക്ക് ആശുപത്രികളിൽ 500 -600 പേരും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ 100 -200 പേരുമാണ് ദിവസവും പനി ലക്ഷണങ്ങളോടെ എത്തുന്നത്. കൂടാതെ സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടുന്നവർ നിരവധിയാണ്. വൈറൽ പനിക്ക് പുറമെ നിരവധി പേർക്ക് ഡെങ്കി, മഞ്ഞപ്പിത്തം, മലമ്പനി രോഗങ്ങളും ബാധിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച ജില്ലയിൽ അന്തർ സംസ്ഥാന തൊഴിലാളികളായ അഞ്ചുപേർക്ക് മലമ്പനി ബാധിച്ചിരുന്നു. കോവിഡ് രോഗികളുടെ എണ്ണത്തിലും വർധനയുണ്ട്. ഒരാഴ്ചക്കിടെ ജില്ലയിൽ 511 പേർക്കാണ് കോവിഡ് ബാധിച്ചത്. മൂന്നുപേർ മരിച്ചു. ജില്ലയിൽ രണ്ട് കുട്ടികൾക്ക് തക്കാളിപ്പനി (എച്ച്.എഫ്.എം -ഹാൻഡ് ഫൂട്ട് മൗത്ത്) സ്ഥിരീകരിച്ചിട്ടുണ്ട്.
വേണം ഡോക്ടർമാർ
ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവ് രോഗികളെ വലക്കുന്നു. ജില്ലയിൽ ഏറ്റവും കൂടുതലുള്ളതും പൊതുജനം കൂടുതൽ ആശ്രയിക്കുന്നതുമായ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലുമാണ് ഡോക്ടർമാരുടെ ക്ഷാമം രൂക്ഷം. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാൽ നിലവിലെ ഡോക്ടർമാർ കുറഞ്ഞ സമയത്തിൽ കൂടുതൽ രോഗികളെ ചികിത്സിക്കേണ്ട അവസ്ഥയാണ്. ഇത് പലപ്പോഴും പരാതിക്കിടയാക്കുന്നു.
അതേസമയം, ജില്ല ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ഡോക്ടർമാരുടെ കുറവ് പ്രവർത്തനത്തെ ബാധിക്കുന്നില്ല. ജനറൽ ഒ.പിയിൽ രോഗികളുടെ എണ്ണം വർധിക്കുമ്പോൾ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം തേടുകയാണ് ജില്ല, താലൂക്ക് ആശുപത്രികൾ. നിലമ്പൂർ ജില്ല ആശുപത്രി, പൊന്നാനി താലൂക്ക് ആശുപത്രി, കുറ്റിപ്പുറം താലൂക്ക് ആശുപത്രി, പൊന്നാനി മാതൃശിശു ആശുപത്രി, മാറഞ്ചേരി പി.എച്ച്.സി, എരവിമംഗലം നഗരസഭ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ രോഗികൾക്ക് അനുസൃതമായി ഡോക്ടർമാരില്ല.
തൃപ്രങ്ങോട് ആലുങ്ങൽ കുടുംബാരോഗ്യകേന്ദ്രത്തിൽ ഓരോദിവസവും എത്തുന്ന രോഗികൾക്ക് അനുസൃതമായി ഡോക്ടർമാരില്ല. എലിപ്പനി ബാധിച്ച് മരിച്ച 20കാരൻ ചികിത്സ തേടിയത് ഇവിടെയാണ്. മതിയായ ചികിത്സ ലഭ്യമായിരുന്നില്ലെന്ന പരാതി ഉയർന്നിരുന്നു. ശരാശരി ആയിരത്തിന് മുകളിൽ ഒ.പിയിൽ രോഗികൾ എത്തുന്ന നിലമ്പൂർ ജില്ല ആശുപത്രിയിൽ എട്ട് ജനറൽ ഡോക്ടർമാരാണുള്ളത്. ഇതിൽ മൂന്നുപേർ നീണ്ട അവധിയിലാണ്.
ഒ.പിയിൽ എത്തിയത് 14,243 പേർ
ജില്ലയിൽ വൈറൽ പനി ബാധിച്ച് ഒരാഴ്ചക്കിടെ വിവിധ സർക്കാർ ആശുപത്രികളിൽ ഒ.പിയിൽ എത്തിയത് 14,243 പേർ. ഇതിൽ 30ഓളം പേർ വിദഗ്ധ ചികിത്സ തേടി. ചികിത്സ തേടുന്ന കുട്ടികളുടെ എണ്ണത്തിലും വർധനയുണ്ട്. കുട്ടികൾക്ക് അസുഖം ഭേദമായ ശേഷം വീണ്ടും രോഗം ബാധിച്ച് ആശുപത്രികളിൽ എത്തുന്നതായി ഡോക്ടർമാർ പറയുന്നു.
പരാതിയുമായി ഡോക്ടർമാർ
ദിവസവും ചികിത്സ തേടിയെത്തുന്നവരുടെ ആധിക്യം കാരണം ഡോക്ടർമാർക്ക് രോഗികളെ ഇരുത്തി പരിശോധിക്കാൻ സമയമില്ലെന്ന പരാതിയും വ്യാപകം. രോഗികളിൽനിന്ന് രോഗാവസ്ഥയുടെ വിശദ വിവരങ്ങൾ കേട്ടറിഞ്ഞ ശേഷമാണ് മരുന്ന് നിർദേശിക്കേണ്ടത്. എന്നാൽ, ആശുപത്രികളിൽ തിരക്കേറിയതിനാലും ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാലും വിശദ ചികിത്സക്ക് സമയം ലഭിക്കുന്നില്ലെന്ന് ഡോക്ടർമാർ പരാതി ഉന്നയിക്കുന്നു. ഇത് രോഗികൾക്കും പ്രയാസം സൃഷ്ടിക്കുന്നു. രാവിലെ എട്ടു മുതൽ ഒന്നു വരെയാണ് ഒ.പി സമയം. ഈ കുറഞ്ഞ സമയത്തിൽ 150ന് മുകളിൽ രോഗികളെയാണ് ഓരോ ഡോക്ടറും പരിശോധിക്കേണ്ടത്.
ഡെങ്കി, മഞ്ഞപ്പിത്തം, എലിപ്പനി
ഈഡിസ് ഈജിപ്തി, അൽബോപിക്ട്സ് ഇനത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന വൈറസ് രോഗമായ ഡെങ്കിപ്പനി കാരണം ചികിത്സ തേടുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. ഒരാഴ്ചക്കിടെ ജില്ലയിൽ 15 പേർ ഡെങ്കിപ്പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. 20ഓളം പേരിൽ രോഗലക്ഷണം കണ്ടെത്തി. അമരമ്പലം, കരുവാരകുണ്ട്, ചാലിയാർ, ചുങ്കത്തറ, മഞ്ചേരി, ആനക്കയം, തൃക്കലങ്ങോട്, തൃപ്രങ്ങോട്, കൂട്ടായി, വെളിയങ്കോട് എന്നീ തദ്ദേശ സ്ഥാപനങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്.
കഠിനമായ പനി, അസഹ്യമായ തലവേദന, കണ്ണിനും സന്ധികളിലെ മാംസ പേശികളിലും വേദന, ഛർദി തുടങ്ങിയവയാണ് ലക്ഷണം. ഒരാഴ്ചക്കിടെ ജില്ലയിൽ അഞ്ചുപേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. ത്വക്കും കണ്ണും മഞ്ഞ നിറത്തിലാകുകയാണ് പ്രധാന ലക്ഷണം. കരൾ സംബന്ധമായ മിക്കവാറും എല്ലാ രോഗങ്ങളുടെയും ലക്ഷണം മഞ്ഞപ്പിത്തമാണ്.
കരളിന് വീക്കവും തൊലിക്കും കണ്ണിനും മൂത്രത്തിനും നഖത്തിനും മഞ്ഞനിറവുമുണ്ടാകും. വെള്ളത്തിൽകൂടി പകരുന്നതാണ് ഹെപ്പറ്റൈറ്റിസ് എ മഞ്ഞപ്പിത്തം. പൊതുസ്ഥലങ്ങളിൽ മലമൂത്ര വിസർജനം, മലിനമായ കുടിവെള്ളം എന്നിവ ഈ രോഗം പകരാൻ കാരണമാകും.
രക്തത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തമാണ് ഹെപ്പറ്റൈറ്റിസ് ബി. ഈ രണ്ടുതരം മഞ്ഞപ്പിത്തവും ജില്ലയിൽ അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജന്തുജന്യ രോഗമായ എലിപ്പനി ജില്ലയിൽ ഒരാഴ്ചക്കിടെ റിപ്പോർട്ട് ചെയ്തത് മൂന്നുപേർക്കാണ്. തിരുവാലി, എടപ്പാൾ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.