ഗോത്ര വർഗ വിദ‍്യാർഥികളെ മധുരം നൽകി സ്വീകരിച്ച് മുഖ്യമന്ത്രി
text_fieldsനിലമ്പൂർ: അനന്തപുരിയിലെ കാഴ്ചകൾ കാണാൻ തേക്കിൻ നാട്ടിൽ നിന്നെത്തിയ ഗോത്ര വർഗ വിദ‍്യാർഥികൾക്ക് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വരവേൽപ്പ്. നിലമ്പൂർ നേതാജി സുഭാഷ് ചന്ദ്ര ബോസ് ആവാസീ വിദ്യാലയിലെ കുട്ടികളാണ് പഠനയാത്രയുടെ ഭാഗമായി തലസ്ഥാന നഗരിയിലെത്തിയത്. സമഗ്ര ശിക്ഷ കേരളം നിലമ്പൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഗോത്ര വിഭാഗം ആൺകുട്ടികൾക്കായി പ്രവർത്തിക്കുന്ന ഹോസ്റ്റലാണ് നേതാജി സുഭാഷ് ചന്ദ്രബോസ് ആവാസീ വിദ്യാലയ്.
നിലമ്പൂരിലെ സെറ്റിൽമെന്‍റ് കോളനിയിലെ 43 കുട്ടികളാണ് തലസ്ഥാനം കാണാനെത്തിയെത്. നിലമ്പൂരിൽ നിന്നും രാജ‍്യറാണിയിൽ കൊച്ചുവേളിയിൽ എത്തി.
എല്ലാവരും ആദ‍്യമായാണ് ട്രെയിൻ യാത്ര നടത്തുന്നത്. തിരുവനന്തപുരത്ത് വനംവകുപ്പിന്‍റെ ഡോർമിറ്ററിയിൽ താമസിച്ച് ആദ്യ ദിനം പ്ലാനറ്റോറിയം, മ്യൂസിയം, മൃഗശാല, കോവളം ബീച്ച് തുടങ്ങിയവ സന്ദർശിച്ചു. രണ്ടാം ദിവസം സെക്രട്ടേറിയറ്റും നിയമസഭ മന്ദിരവും സന്ദർശിച്ചു.
സെക്രട്ടേറിയറ്റ് സന്ദർശനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികളെ മധുരം നൽകി സ്വീകരിക്കുകയും യാത്രാവിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
മന്ത്രിമാരായ വി. അബ്ദുറഹിമാൻ, കെ.ബി. ഗണേഷ് കുമാർ, റോഷി അഗസ്റ്റിൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും കുട്ടികളെ സന്ദർശിച്ചു. സമഗ്ര ശിക്ഷ കേരളം സംസ്ഥാന പ്രൊജക്റ്റ് ഓഫിസ് സന്ദർശിച്ച കുട്ടികളെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.ആർ. സുപ്രിയയുടെ നേതൃത്വത്തിൽ ശീതള പാനീയങ്ങളും ലഘു ഭക്ഷണവും നൽകി. ഇവിടെ കുട്ടികൾ ഗോത്ര കലാപരിപാടികൾ അവതരിപ്പിച്ചു. നിലമ്പൂർ ബ്ലോക്ക് പ്രോജക്ട് കോഓഡിനേറ്റർ എം. മനോജ് കുമാർ, ട്രെയിനർമാരായ എം.പി. ഷീജ, എ. ജയൻ, ഹോസ്റ്റൽ വാർഡൻ പ്രശാന്ത് കുമാർ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.