പട്ടാപ്പകൽ നിലമ്പൂർ നഗരത്തെ വിറപ്പിച്ച് കാട്ടാന
text_fieldsനിലമ്പൂർ: പട്ടാപ്പകൽ നിലമ്പൂർ നഗരത്തിലിറങ്ങിയ കാട്ടാന അരമണിക്കൂറോളം ഭീതിപരത്തി. വനംവകുപ്പിന്റെ ടൂറിസം കേന്ദ്രമായ കനോലി പ്ലോട്ടിനും വടപുറം പാലത്തിനും ഇടയിൽ കെ.എൻ.ജി റോഡിലൂടെ ഓടിയ കൊമ്പനെ വനം ദ്രുതകർമസേന അവസരോചിതമായി ഇടപെട്ട് കാടുകയറ്റി.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് ഒറ്റക്കൊമ്പനെ വടപുറം പാലത്തിന് സമീപം കെ.എൻ.ജി റോഡരികിൽ കണ്ടത്. വിവരം അറിഞ്ഞ് വനം ദ്രുത കർമസേനയായ റാപ്പിഡ് റെസ്പോൺസ് ടീം, റിസർവ് പൊലീസ് എന്നിവർ എത്തി. ഫയർ ക്രിക്കർ ഉപയോഗിച്ച് വെടിവെച്ചാൽ ആന വിരണ്ടോടുമെന്ന ആശങ്കയിൽ ആദ്യം വെടിവെച്ചില്ല. റോഡിൽ തിരക്കുള്ള സമയമായതിനാൽ സേന റോഡിന്റെ ഇരുഭാഗങ്ങളിലുമായി നിലയുറപ്പിച്ച് വാഹനങ്ങൾ തടഞ്ഞു.
ആശങ്കപ്പെട്ടതുപോലെ തന്നെ കൊമ്പൻ മിനിറ്റിനുള്ളിൽ അന്തർസംസ്ഥാനപാതയിലെത്തി. റോഡ് മുറിച്ചുകടന്ന ശേഷം അരിക്പറ്റി ഇരുനൂറോളം മീറ്റർ ഓടിയ ആന അടഞ്ഞുകിടക്കുന്ന അരുവാക്കോട് മരവ്യവസായ ശാലയോട് ചേർന്നുള്ള നഗരസഭയുടെ ടൂറിസം വളപ്പിലൂടെ പോയി കുറ്റിക്കാട്ടിൽ നിലയുറപ്പിച്ചു. അവസരം പാഴാക്കാതെ റാപ്പിഡ് റെസ്പോൺസ് ടീം ഫയർ ക്രിക്കർ ഉപയോഗിച്ച് ആനയെ തുരത്തി ചാലിയാർ പുഴ കടത്തി കാട്ടിലേക്ക് വിടുകയായിരുന്നു.
രാത്രി പുഴകടന്നെത്തിയ കൊമ്പൻ വെളുക്കുംമുമ്പ് കാട് കയറാൻ കഴിയാതെ കുടുങ്ങുകയായിരുന്നു. ഡിസംബർ ആദ്യവാരത്തിലും കനോലി പ്ലോട്ടിന് സമീപം ഒറ്റയാൻ റോഡിലിറങ്ങിയിരുന്നു. അന്ന് ആനയെ കണ്ട് പേടിച്ച് കാർ നിയന്ത്രണംവിട്ട് അപകടത്തിൽപെട്ടിരുന്നു.
ശേഷം ഇവിടെ വനം വകുപ്പ് കാട്ടാന ജാഗ്രത ബോർഡുകൾ സ്ഥാപിച്ചിരുന്നു. പുഴ കടന്നെത്തുന്ന കാട്ടാനകൾ ജനവാസകേന്ദ്രത്തിലിറങ്ങുന്നത് തടയാൻ വനം വകുപ്പ് സോളാർ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് മറികടന്നാണ് കൊമ്പൻ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.