ഡോ. പി. അബ്ദുൽ കരീം, വിടപറഞ്ഞത് സാധാരണക്കാരെൻറ ഹൃദയമിടിപ്പറിഞ്ഞ ഡോക്ടർ
text_fieldsവണ്ടൂര്‍: കരീം ഡോക്ടറുടെ മരണത്തെ തുടർന്ന് നഷ്ടമായത് മലയോരമേഖയിലെ നിർധനരുടെ ആശ്രയം. പ്രദേശത്തെ ആദ്യത്തെ എം.ബി.ബി.എസുകാരനായ ഡോക്ടർ പെരുമാറ്റംകൊണ്ടും നിസ്വാർഥ സേവനംകൊണ്ടും ഏവരുടേയും മനസ്സിലിടംപിടിച്ച വ്യക്തിയായിരുന്നു. 1970ൽ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസ് പഠനം പൂർത്തീകരിച്ചു. തുടർന്ന് മുസ്ലിം ലീഗ് നേതാവായിരുന്ന പി. സീതിഹാജിയുടെ നിര്‍ബന്ധപ്രകാരം എടവണ്ണ ഗവ. ആശുപത്രിയിലായിരുന്നു ആദ്യ നിയമനം. പിന്നെ അരീക്കോട് കാവനൂര്‍, പോരൂര്‍, തിരുവാലി, വണ്ടൂര്‍ എന്നിവിടങ്ങളിലും വർഷങ്ങളോളം സേവനമനുഷ്ഠിച്ചു.
ചികിത്സാഫീസിെൻറ കാര്യത്തില്‍ എല്ലാരീതിയിലും വിട്ടുവീഴ്ചയായിരുന്നു എക്കാലവും. പണമില്ലാത്തവർക്ക് ഫീസില്ലാതെ ചികിത്സയും ചിലപ്പോൾ മരുന്നും സൗജന്യമായി നൽകി. വണ്ടൂരിലായിരിക്കെയാണ് അർബുദ ലക്ഷണങ്ങള്‍ കണ്ടത്. തുടർ ചികിത്സക്ക് ശേഷം രണ്ട് പ്രതിജ്ഞയെടുത്തത് ഡോക്ടർ അപ്പടി നിറവേറ്റുകയായിരുന്നു.
ഇനി സിഗററ്റ് തൊടില്ലെന്നതും ശിഷ്ടകാലം അർബുദരോഗികള്‍ക്കായി ഉഴിഞ്ഞുവെക്കുമെന്നതുമായിരുന്നു തീരുമാനം. അങ്ങനെ പാലിയേറ്റിവ് പ്രവര്‍ത്തനങ്ങളിൽ സജീവമാകുകയും കാരുണ്യ എന്ന സംഘടനക്ക് രൂപംനൽകുകയും ചെയ്തു.
സംസ്ഥാനത്ത് പാലിയേറ്റിവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാകാന്‍ തുടങ്ങിയപ്പോള്‍ ഇദ്ദേഹമായിരുന്നു അവരുടെ മുഖ്യ പരിശീലകരിലൊരാള്‍. കാന്‍സര്‍ സൊസൈറ്റിയുടെ ജില്ല മെംബര്‍ സെക്രട്ടറിയായുള്ള നിയമനം ഇദ്ദേഹത്തിെൻറ സേവനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ അംഗീകാരമായിരുന്നു. ആൻറി ടുബാക്കോ പ്രോഗ്രാമുകള്‍ക്ക് സര്‍ക്കാറിെൻറയും തിരുവനന്തപുരം ആര്.സി.സിയുടെയും അവാര്‍ഡുകളും ലഭിച്ചു.
പ്രദേശത്തുകാര്‍ക്ക് സ്വന്തമായി ഒരു ആശുപത്രി എന്ന ലക്ഷ്യത്തിലാണ് വണ്ടൂരിലെ നിംസിെൻറ തുടക്കം. 40 പേരുടെ ഷെയറോടെ ആരംഭിച്ച ആശുപത്രിയില്‍ അർബുദ രോഗികള്‍ക്ക് ഇളവ് നല്‍കുമെന്നത് മാർഗരേഖയില്‍ എഴുതിച്ചേര്‍ക്കുന്നതിന് ഷെയര്‍ ഉടമകളെല്ലാം സമ്മതം നല്കിയപ്പോള് അതിെൻറ ചെയര്‍മാനായി. പിന്നീട് സമൂഹത്തില്‍ ഒറ്റപ്പെട്ടുനില്ക്കുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് വേണ്ടി ആശ്രയ എന്ന പേരില്‍ സ്കൂള്‍ തുടങ്ങിയപ്പോള്‍ അതിെൻറയും ചെയര്മാന് കരീം ഡോക്ടര്‍ തന്നെയായിരുന്നു. മയ്യിത്ത് വണ്ടൂർ പള്ളിക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.