കൂട്ടത്തല്ലും നിയമലംഘനങ്ങളും; പൊലീസിന്റെ 'തല്ലുമാല'
text_fieldsമലപ്പുറം: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള അടിപിടിയും ലഹരിയും നിയമലംഘനവും തുടർക്കഥയാവുന്ന സാഹചര്യത്തിൽ കടുത്ത നടപടിയുമായി ജില്ല പൊലീസിന്റെ 'ഓപറേഷൻ തല്ലുമാല' പണി തുടങ്ങി.
ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തിയ മിന്നൽ പരിശോധനയിൽ 205 വാഹനങ്ങൾ പിടിച്ചെടുത്തു.
ലൈസൻസ് ഇല്ലാതെ വാഹനമോടിച്ച 53 കുട്ടി ഡ്രൈവർമാർക്കും രക്ഷിതാക്കൾക്കും എതിരെ നടപടിയെടുത്തു. ഇരുനൂറോളം കേസുകളിലായി ഒറ്റ ദിവസം 5.39 ലക്ഷം രൂപ പിഴ ഈടാക്കി.
മേലാറ്റൂർ സ്റ്റേഷൻ പരിധിയിൽ സ്കൂൾ പരിസരത്ത് ലഹരി ഉപയോഗിച്ചതിന് ഒരാൾക്കെതിരെ കേസെടുത്തു.
അഞ്ച് വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണം നൽകി വിട്ടയച്ചു. വാഴക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞദിവസം സ്കൂൾ കലോത്സവത്തിന് കൊടി ഉയർത്തിയതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.
വിവിധ സ്കൂളുകളിൽനിന്ന് ഹൈസ്കൂൾ മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികളാണ് പൊലീസിന്റെ പിടിയിലായത്.
മോട്ടർ വാഹന നിയമപ്രകാരവും ഐ.പി.സി പ്രകാരവും നടപടിയെടുത്തു. ഹെൽമറ്റ് ധരിക്കാതെ വാഹനമോടിച്ചതടക്കമുള്ള സംഭവങ്ങളിൽ പിഴ ഈടാക്കി വിട്ടയച്ചപ്പോൾ ഗുരുതര നിയമലംഘനങ്ങൾ നടത്തിയ വാഹനങ്ങൾ പിടിച്ചെടുത്തു.
ഇവ സ്റ്റേഷൻ പരിസരങ്ങളിലേക്ക് മാറ്റി.
രക്ഷിതാക്കളോ, മറ്റ് ബന്ധപ്പെട്ടവരോ എത്തിയ ശേഷം നിയമനടപടികൾക്കും ബോധവത്കരണത്തിനും ശേഷമാണ് പല വാഹനങ്ങളും വിട്ടുകൊടുത്തത്.
വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് പറഞ്ഞു.
പിടികൂടിയ മറ്റു നിയമലംഘനങ്ങൾ:
മൂന്നുപേരെ കയറ്റി ഇരുചക്ര വാഹനം ഓടിച്ചത് - 69
ഇൻഷുറൻസ് തുടങ്ങിയ രേഖകൾ ഇല്ലാതെ വാഹനം ഓടിച്ചത് -41
രൂപമാറ്റം വരുത്തിയ വാഹനങ്ങൾ ഓടിച്ചത് - 22
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.