വള്ളിക്കുന്നിൽ തെരുവ് നായ് പ്രജനന നിയന്ത്രണത്തിന് പദ്ധതി
text_fieldsതേഞ്ഞിപ്പലം: വള്ളിക്കുന്ന് നിയോജക മണ്ഡലത്തിൽ തെരുവ് നായ് പ്രജനന നിയന്ത്രണ പദ്ധതി നടപ്പാക്കാൻ പി. അബ്ദുൽ ഹമീദ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ജില്ല മൃഗസംരക്ഷണ വകുപ്പിന്റെയും കാലിക്കറ്റ് സർവകലാശാലയുടേയും സഹകരണത്തോടെ വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകൾ, തിരൂരങ്ങാടി, കൊണ്ടോട്ടി ബ്ലോക്ക്, ജില്ല പഞ്ചായത്തിന്റേയും തിരൂരങ്ങാടി, കൊണ്ടോട്ടി, പരപ്പനങ്ങാടി എന്നീ നഗരസഭകളുടേയും സംയുക്ത പദ്ധതിയായാണ് ഇത് നടപ്പാക്കുക.
പദ്ധതി നിർവഹണ ചുമതല ജില്ല പഞ്ചായത്തിനാണ്. ഇതിനുള്ള വിഹിതം പൊതുവിഭാഗം വികസന ഫണ്ട്, പതിനഞ്ചാം ധനകാര്യ കമീഷൻ ബേസിക് ഗ്രാന്റ്, തനത് ഫണ്ട് വിഹിതം എന്നിവ ഉപയോഗിക്കാം. പേവിഷ നിർമാർജ്ജന കാമ്പയിൻ സംഘടിപ്പിക്കാൻ സാമൂഹ്യപ്രവർത്തകരെയും സന്നദ്ധ സംഘടനകളെയും കണ്ടെത്തി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം നൽകും.
പദ്ധതി നടപ്പാക്കുന്ന സ്ഥലത്ത് ഓപ്പറേഷൻ തിയറ്റർ, നായ്ക്കളെ താമസിപ്പിക്കാനുള്ള ഷെൽട്ടർ, മറ്റു സൗകര്യങ്ങൾ എന്നിവ ഒരുക്കും. 10 നായ്ക്കളുടെ ഓപ്പറേഷന് 50 കൂടുകൾ എന്ന നിരക്കിലാണ് ഷെൽറ്റർ സൗകര്യമൊരുക്കേണ്ടത്.
യോഗത്തിൽ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. സാജിത അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷജ്നി ഉണ്ണി, തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി, തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത്, പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. കലാം, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി എന്ന ബാവ, മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.എം. സുഹറാബി, ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ജമീല, ജില്ല മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. കാർത്തികേയൻ, തിരൂരങ്ങാടി താലൂക്ക് മൃഗ സംരക്ഷണ വകുപ്പ് കോഓഡിനേറ്റർ ഡോ. മുരളി, കാലിക്കറ്റ് സർവകലാശാല ലൈഫ് സയൻസ് ഡോ. ശ്രീകുമാരൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഹനീഫ ആച്ചാട്ടിൽ, കെ.പി. ദേവദാസ്, വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ സിന്ധു ആത്രപുളിക്കൽ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.