അറബിക്കടലിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാണാതായ സംഭവം: അന്വേഷണം താനൂരിലും
text_fieldsതാനൂർ: അറബിക്കടലിൽ നിക്ഷേപിച്ച കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കാണാതായ സംഭവത്തിൽ അന്വേഷണം താനൂരിലും.കഴിഞ്ഞദിവസങ്ങളിലായി താനൂർ സ്വദേശിയുടെ സമൂഹ മാധ്യമ അക്കൗണ്ടിൽനിന്ന് മഞ്ഞ നിറത്തിലുള്ള ഒരു ടാങ്ക് പോലെയുള്ള കാലാവസ്ഥ നിരീക്ഷണ ഉപകരണത്തിൽ യുവാവ് കയറിനിന്ന് സംസാരിക്കുന്ന ദൃശ്യം വ്യാപകമായി പ്രചരിച്ചിരുന്നു.
താനൂർ സ്വദേശികളായ മത്സ്യത്തൊഴിലാളികളുടെ സമൂഹ മാധ്യമ അക്കൗണ്ട് വഴിയാണ് ഇവർ ഇത് പുറത്തുവിട്ടത്. സംഭവം അധികൃതരുടെ ശ്രദ്ധയിൽപെട്ടതിെൻറ അടിസ്ഥാനത്തിൽ കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സമുദ്രത്തിലെ കാലാവസ്ഥ വ്യതിയാനങ്ങൾ നിരീക്ഷിക്കാനും സുനാമി പോലെയുള്ള അപകടങ്ങൾ മുൻകൂട്ടി അറിയാനുമായി നിക്ഷേപിച്ചതാണ് ഉപകരണം.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി സ്ഥാപിച്ച യന്ത്രമാണിത്. മൂന്നുദിവസം മുമ്പുവരെ ഉപകരണത്തിൽനിന്ന് വിവരങ്ങൾ ലഭിച്ചിരുന്നെന്നും അവയിൽ ഘടിപ്പിച്ചിട്ടുള്ള സെൻസറുകളിൽ തകരാർ സംഭവിച്ച അന്നുമുതൽ വിവരങ്ങൾ ലഭ്യമാവാത്തതിനെ തുടർന്ന് അന്വേഷണം നടക്കുകയായിരുന്നു. സംഭവത്തിൽ എത്രയും പെട്ടെന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഉപകരണം കണ്ടെത്താനും കേന്ദ്ര ഭൗമശാസ്ത്ര വകുപ്പ് അധികൃതർ പൊന്നാനി തീരദേശ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ താനൂർ സ്വദേശികൾ കടലിൽ ഇത്തരത്തിലുള്ള ഉപകരണം കണ്ടപ്പോൾ യാദൃച്ഛികമായി ഫോട്ടോ എടുക്കാൻ സമീപിച്ചതാണെന്നാണ് പൊലീസിൽനിന്ന് ലഭിച്ച വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.