സമ്പൂർണ ശുദ്ധജല ലഭ്യത മണ്ഡലമാകാനൊരുങ്ങി താനൂര്‍
text_fieldsതാനൂർ: തീരദേശ മേഖലയില്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലം ലഭ്യമാക്കാൻ നടപ്പാക്കുന്ന താനൂര്‍ സമ്പൂര്‍ണ കുടിവെള്ള പദ്ധതിക്കായി 186.52 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ടെന്‍ഡര്‍ കാലാവധി പൂര്‍ത്തിയായാല്‍ ഉടന്‍ പ്രവൃത്തി തുടങ്ങുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന് പറഞ്ഞു. താനൂര്‍ കുടിവെള്ള പദ്ധതിക്കായുള്ള ടാങ്കിെൻറ ടെന്‍ഡര്‍ പൂര്‍ത്തിയായതായും താനാളൂരില്‍ മൂന്നര കോടി രൂപയുടെ പുതിയ കുടിവെള്ള പദ്ധതി ടാങ്ക് നിർമാണ പ്രവൃത്തി ആദ്യഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
താനൂര്‍ മണ്ഡലത്തിലെ ഉയര്‍ന്ന മേഖലകളിലും തീരദേശ മേഖലയിലും ശുദ്ധജല ക്ഷാമം നേരിടുന്ന സാഹചര്യമുള്ളതിനാല്‍ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം കുടിവെള്ള പദ്ധതി പൂര്‍ത്തീകരണത്തിനായി നടപടികള്‍ കാര്യക്ഷമമായി തുടരുകയാണ്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 26,558 കണക്ഷനുകള്‍ നല്‍കും. ഇനിയും ആവശ്യമുള്ളവര്‍ അപേക്ഷിക്കുന്ന മുറക്ക് വീണ്ടും കണക്ഷന് നല്‍കും. ഭാവിയില്‍ രണ്ട് ലക്ഷം കുടുംബങ്ങള്‍ക്ക് കുടിവെള്ളം നല്കാനാകുന്ന വിധത്തില്‍ അടുത്ത 50 വര്‍ഷത്തേക്കുള്ള പദ്ധതിയാണ് ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. താനാളൂരില്‍ പദ്ധതിയോടനുബന്ധിച്ച് 5420 കണക്ഷനുകള്‍ പ്രത്യേകമായി നല്‍കും.
തീരദേശമേഖലയിൽ ഉള്ളവര്‍ക്ക് ശുദ്ധജലം ലഭ്യമാകാത്ത പ്രശ്നം ഒരു വര്‍ഷത്തിനകം പരിഹരിക്കാനാണ് നടപടികള്‍ തുടരുന്നത്. താനൂര്‍ നഗരസഭയിലെ കുടിവെള്ള പദ്ധതിക്കായി 71 കോടി രൂപയുടെ അനുമതിയായിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി പ്രകാരം എല്ലാ വീടുകളിലേക്കും വിദ്യാലയങ്ങളിലേക്കും കുടിവെള്ളം നല്‍കും. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് പൂര്‍ണമായും സൗജന്യമായിരിക്കും. അതിനാല്‍, കുടിവെള്ള പദ്ധതിയുടെ വിജയത്തിനായി പഞ്ചായത്തുകളും ജനങ്ങളും ഉദ്യോഗസ്ഥരും പൂര്‍ണമായും സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.