കൊടക്കൽ വിവാദ ഭൂമി പ്രശ്നം; പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ സി.പി.ഐ തീരുമാനം
text_fieldsതിരുനാവായ: പഞ്ചായത്തിലെ കൊടക്കൽ വിവാദ ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കാൻ മേഖലയിലെ സി.പി.ഐ പ്രവർത്തകർ തീരുമാനിച്ചു. പാർട്ടി തിരൂർ മണ്ഡലം മുൻ അംഗവും മുൻ പഞ്ചായത്ത് അംഗവുമായ സി.പി. റഷീദ്, പാർട്ടി അംഗം കുടിലിങ്ങൽ ഹൈദർ എന്നിവരുടെ നേതൃത്വത്തിൽ 25 വർഷത്തിലേറെയായി പാർട്ടിയിലുള്ള പത്തോളം മെംബർമാരാണ് തീരുമാനമെടുത്ത് ജില്ല കമ്മിറ്റിയെ അറിയിച്ചത്. എൽ.ഡി.എഫ് അധികാരത്തിൽ വരുമ്പോഴൊക്കെ റവന്യൂ മന്ത്രി സി.പി.ഐക്കാരനാകാറുണ്ട്.
അതുകൊണ്ടുതന്നെ ഓരോ തവണയും ഭരണത്തിലേറുമ്പോൾ ഇക്കാര്യം പാർട്ടി പ്രവർത്തകർ തലസ്ഥാനത്തെത്തി മന്ത്രിയെ ധരിപ്പിക്കുന്നതാണ്. ഇതേതുടർന്ന് പലതവണ സർവേ നടപടികൾ പൂർത്തിയാക്കിയതാണ്. ഏറ്റവുമൊടുവിൽ കുടികിടപ്പ് പട്ടയമുള്ള 24 കുടുംബങ്ങളുടെ കാര്യത്തിൽ പരിഹാരം കാണാൻ ഹിയറിങ് കഴിഞ്ഞതാണ്. 70ഓളം കുടുംബങ്ങൾക്ക് പുതിയ പട്ടയം നൽകാമെന്ന് പ്രഖ്യാപിച്ചതാണ്. എല്ലാ രേഖകളും മാസങ്ങളായി മലപ്പുറം കലക്ടറേറ്റിലാണ്. എന്നിട്ടും തീരുമാനമെടുക്കാൻ വൈകുകയാണ്. ഓരോ തവണയും ഇതുതന്നെയാണ് ആവർത്തിക്കുന്നതെന്നാണ് പാർട്ടി പ്രവർത്തകരെ നിരാശരാക്കുന്നത്.
പഴയ കൊടക്കൽ ഓട്ടുകമ്പനിക്കു കീഴിലുണ്ടായിരുന്ന സ്ഥലം രേഖാമൂലം വില കൊടുത്ത് വാങ്ങി കുഴിക്കൂർ ചമയങ്ങൾ വെച്ച് വർഷങ്ങളോളമായി കൈവശം വെച്ച് താമസിച്ചു വരുന്ന 100ഓളം വരുന്ന കുടുംബങ്ങളാണ് റവന്യൂ അധികൃതർ നികുതി സ്വീകരിക്കാത്തതിനാലും മറ്റും വിഷമിക്കുന്നത്. ഇത് കമ്പനി നടത്തിപ്പിനായി കൊടുത്തതാണെന്നും കമ്പനി നിലവിലില്ലാത്തതിനാൽ കമ്പനിയുടെ അധീനതയിലുണ്ടായിരുന്ന സ്ഥലമെല്ലാം പുറമ്പോക്കാണെന്നുമാണ് റവന്യൂ അധികൃതർ പറയുന്നത്. ഭൂ പരിഷ്കരണ നിയമം വന്നപ്പോൾ 35 ഏക്കർ സ്ഥലം സർക്കാർ വിതരണം ചെയ്തത് കഴിച്ച് ശേഷിക്കുന്ന 65ഓളം ഏക്കർ ഭൂമിയാണ് വിവാദഭൂമിയായത്. ചിലർ കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിയാണ് പലപ്പോഴും നികുതിയടച്ച് കാര്യങ്ങൾ നേടുന്നത്. ഇത് വർഷങ്ങളോളമായി തുടർന്നുവരുന്നതാണ്.
വിവാദ ഭൂമി സ്ഥിതി ചെയ്യുന്ന തിരുനാവായ പഞ്ചായത്തിലെ 11, 12 വാർഡുകൾ സി.പി.ഐക്ക് സ്വാധീനമുള്ള പ്രദേശങ്ങളാണ്. അതുകൊണ്ടുതന്നെ സി.പി.ഐ മെംബർമാരാണ് ഇവിടെ ജയിക്കാറുള്ളത്. ഈയിടെ നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും സി.പി.ഐക്കുണ്ടായ പരാജയത്തിന് മുഖ്യ കാരണം കൊടക്കൽ വിവാദ ഭൂമി പ്രശ്നമാണെന്ന് പാർട്ടി പ്രവർത്തകർ വിലയിരുത്തുന്നു. ഇതിനു പുറമെ 10 വർഷം മുമ്പ് നിലമ്പൂരിൽ പട്ടയം കൊടുത്ത 16 കുടുംബങ്ങൾക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തിക്കൊടുക്കാത്തതിനാൽ വീടുവെക്കാനാവാതെ ഇന്നും വാടകപ്പുരകളിൽ കഴിയുന്ന ദുരവസ്ഥയുണ്ട്. ഇതിലൊന്നും പരിഹാരം കാണാത്തതിൽ നിർദന കുടുംബങ്ങളും പാർട്ടി പ്രവർത്തകരും നിരാശയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.