ലഹരിയുണ്ടെങ്കിൽ കല്യാണമില്ല; എടക്കുളം മേഖലയിലെ മഹല്ലുകളിലാണ് തീരുമാനം
text_fieldsതിരുന്നാവായ: എടക്കുളം മേഖലയിലെ മഹല്ലുകളിൽ ലഹരിയുപയോഗിക്കുന്നവർക്ക് ഇനി മുതൽ വിവാഹത്തിനുള്ള ക്ലിയറൻസ് ലഭിക്കില്ല. എടക്കുളം മേഖല സംയുക്ത മഹല്ല് ലഹരി നിർമാർജന സമിതിയുടേതാണ് തീരുമാനം.
മേഖലയിലെ വിവിധ മഹല്ലുകൾ സമ്പൂർണ ലഹരി മുക്തമാക്കുന്നതിന്റെ ഭാഗമായി വിവിധ മഹല്ലുകളുടെ ഭാരവാഹികളുടെ സംയുക്ത യോഗം ചേർന്ന് കൈകൊണ്ട തീരുമാനം ഓരോ മഹല്ല് കമ്മിറ്റികളും പ്രത്യേകമായി യോഗം ചേർന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. മയക്കുമരുന്ന്, ലഹരി വസ്തുക്കൾ ഉപയോഗിക്കുകയോ വിനിമയം നടത്തുകയോ ചെയ്യുന്നവർക്ക് ഒരു വിധത്തിലുള്ള സാമ്പത്തിക സഹായവും അനുവദിക്കില്ല.
മഹല്ലിലെ വ്യക്തികളും സംഘടനകളും ഇവർക്ക് സഹായം നൽകുന്നില്ലന്ന് ഉറപ്പുവരുത്തുകയും ഇവർക്ക് വിവാഹത്തിനുള്ള സ്വഭാവ സൽഗുണ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമല്ല. ഈ തീരുമാനം നടപ്പാക്കുന്നതോടൊപ്പം ബോധവത്കരണ പ്രവർത്തനങ്ങളും സർക്കാറിന്റെ വിമുക്തി മിഷനുമായി സഹകരിച്ചുള്ള കൗൺസിലിങ്ങും നടന്നു വരുന്നുണ്ട്. വിദ്യാർഥികളുടെ സാമൂഹിക സേവന പദ്ധതിയിൽ ഉൾപ്പെടുത്തി ഊർജിത ഗൃഹ സമ്പർക്ക പദ്ധതിക്ക് അടുത്ത ആഴ്ച തുടക്കം കുറിക്കും.
മേഖല സംയുക്ത മഹല്ല് നേതൃ സംഗമത്തിൽ വിവിധ മഹല്ല് കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഇ.പി. മുയ്തീൻകുട്ടി മാസ്റ്റർ, സി.കെ. അബ്ദുൽ കരീം ഹാജി (എടക്കുളം മഹല്ല് ജമാഅത്ത്), വി.കെ. മുഹമ്മദ് എന്ന ബാവ മുസ് ലിയാർ, സി.പി. കുഞ്ഞുമോൻ ഗുരുക്കൾ, സി.പി. ഹംസക്കുട്ടി ഹാജി, വി. ബീരാവുണ്ണി (എടക്കുളം സുന്നി മഹല്ല്), തൂമ്പിൽ ഹംസ ഹാജി, സി.പി. നജ്മുദ്ദീൻ, ടി. അബ്ദുൽ സലാം (സലഫി മസ്ജിദ്), സി.പി. മൊയ്തീൻ (അമാന മസ്ജിദ് ), മേഖല ലഹരി നിർമാർജന സമിതി അംഗങ്ങളായ സി.പി. മുഹമ്മദ്, എം.പി.എ. കുഞ്ഞൻ, വി.കെ. ഹാറൂൻ റശീദ്, കാളിയാടൻ ഹമീദ്, ഇ.പി. കുഞ്ഞിപ്പ ഹാജി, ചിറക്കൽ ഉമ്മർ, എൻ.പി. മുഹമ്മദ് ശരീഫ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.