ഡൽഹിയിൽനിന്ന് വന്ന വിദ്യാർഥിനിക്ക് ചെള്ള് പനി സ്ഥിരീകരിച്ചു
text_fieldsതിരൂർ: ശിഹാബ് തങ്ങൾ ആശുപത്രിയിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ രോഗം മൂർച്ഛിച്ച് ചികിത്സക്കെത്തിയ വിദ്യാർഥിനിക്ക് ചെള്ള് പനി സ്ഥിരീകരിച്ചു. ഡൽഹിയിൽനിന്ന് വന്ന തിരൂർ സ്വദേശിയായ 19കാരിയിൽ നടത്തിയ പരിശോധനയിലാണ് സ്‌ക്രബ് ടൈഫസ് അഥവാ ചെള്ള് പനി കണ്ടെത്തിയത്.
വിട്ടുമാറാത്ത പനി കാരണം നിരവധി ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും രോഗം മൂർച്ഛിച്ചതിന്റെ അടിസ്ഥാനത്തിൽ ക്ഷീണിതയായ വിദ്യാർഥിനി ശിഹാബ് തങ്ങൾ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.
ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ആബിദ് കള്ളിയത്തിന്റെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ ജീവികളിലെ ചെള്ളുകളില്‍ നിന്നാണ് രോഗകാരികളായ റിക്കെറ്റ്‌സിയ ബാക്ടീരിയകള്‍ രൂപംകൊള്ളുന്നത്. ചെള്ള്, മാന്‍ചെള്ള്, പേന്‍, നായുണ്ണി തുടങ്ങിയവ കടിക്കുന്നതിലൂടെ ഈ ബാക്ടീരിയ മനുഷ്യരിലേക്ക് പകരാം. രോഗം കണ്ടെത്തിയാല്‍ എത്രയും വേഗം ചികിത്സ തേടുകയെന്നത് പ്രധാനമാണ്. രോഗം ബാധിച്ച മേമുണ്ട കാവഞ്ചേരി സ്വദേശിക്ക് വിട്ടുമാറാത്ത പനിയും തലകറക്കവും തൊണ്ടവേദനയും രൂക്ഷമായതോടെയാണ് ചികിത്സ തേടിയത്.
തലവേദന, പനി, തണുത്തുവിറക്കല്‍, ചര്‍മ്മത്തിലെ തിണര്‍പ്പ് തുടങ്ങിയവയാണ് ചെള്ളുപനിയുടെ പ്രധാന രോഗലക്ഷണങ്ങള്‍. കഠിനമായ തലവേദന, 102.2 ഡിഗ്രി ഫാരന്‍ഹീറ്റില്‍ കൂടുതലുള്ള കഠിനമായ പനി, മുതുകിലോ മാറിടത്തിലോ തുടങ്ങി എല്ലായിടത്തും വ്യാപിക്കുന്ന തിണര്‍പ്പ്, ബുദ്ധിമാന്ദ്യം, താഴ്ന്ന രക്തസമ്മർദം, തിളക്കമേറിയ പ്രകാശത്തോട് കണ്ണുകള്‍ക്കുള്ള അലര്‍ജി, കഠിനമായ പേശിവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.
വാർത്തസമ്മേളനത്തിൽ മെഡിക്കൽ സൂപ്രണ്ട് ഡോ. അബ്ദുറഹിമാൻ കോട്ടുമല, ജനറൽ മെഡിസിൻ വിഭാഗം മേധാവി ഡോ. ആബിദ് കള്ളിയത്ത്, വൈസ് ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി, ഡയറക്ടർ വാഹിദ് കൈപ്പാടത്ത്, അഡ്മിനിസ്ട്രേറ്റർ എം.വി കോയക്കുട്ടി, പി.ആർ.ഒ ശംസുദ്ദീൻ കുന്നത്ത് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.