കൂട്ടായി പാലം ഷട്ടർ നിർമാണം നിലച്ചു
text_fieldsതിരൂർ: മഴക്കു മുമ്പേ ഷട്ടറുകൾ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബറിൽ തുടങ്ങിയ മംഗലം - കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജിൽ പുതിയ ഷട്ടർ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തി നിലച്ചു. തുടക്കത്തിൽ പണി തകൃതിയായിരുന്നെങ്കിലും നിലവിൽ നിലച്ചിട്ട് രണ്ട് മാസമായി.
സാമ്പത്തിക പ്രതിസന്ധിയാണ് നിർമാണം വൈകാൻ കാരണമെന്നാണ് സൂചന. എട്ട് കോടി രൂപ ചെലവിലാണ് ഷട്ടറുകൾ സ്ഥാപിക്കുന്നത്. വെള്ളമൊഴുക്ക് നിയന്ത്രിച്ച് ഷട്ടർ സ്ഥാപിക്കാനായി പാലത്തിന്റെ ഇരുഭാഗത്തും ബണ്ട് കെട്ടുന്ന പ്രവൃത്തിയാണ് നടന്നത്. വേലിയേറ്റ സമയത്ത് ഉപ്പ് വെള്ളം വെട്ടം, തിരൂർ ഭാഗത്തേക്ക് കയറാതിരിക്കാനാണ് ഷട്ടറുകൾ പ്രവർത്തിപ്പിക്കുന്നത്. തിരൂർ പൊന്നാനി പുഴയുടെ വടക്ക് കിഴക്ക് ഭാഗങ്ങളിലെ പ്രദേശങ്ങളിലെ കാർഷിക ജലസേചന കുടിവെള്ള പ്രശ്ന പരിഹാരത്തിനാണ് ഷട്ടർ സ്ഥാപിച്ചത്. ആകെ 13 ഷട്ടറുകളാണുള്ളത്. 15 വർഷം മുമ്പായിരുന്നു പാലം ഉദ്ഘാടനം.
തുടർന്ന് രണ്ട് വർഷത്തിനുശേഷമാണ് ഷട്ടറുകൾ വന്നത്. എന്നാൽ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി നടത്താത്തതിനാലും ഉപ്പുവെള്ള ഭീഷണിയും മൂലം ഷട്ടറുകൾ പൂർണമായും തുരുമ്പിച്ചു. പിന്നീട് ഷട്ടറിട്ടാലും ഉപ്പുവെള്ളം കയറുന്ന അവസ്ഥയായി. ഒരുവർഷം മുമ്പ് പഴയ തുരുമ്പിച്ച ഷട്ടറുകൾ നീക്കി. പൂർണമായും യന്ത്രവത്കൃത സൗകര്യത്തോടെ ഷട്ടറുകൾ സ്ഥാപിക്കാനാണ് പുതിയ പദ്ധതി. ജലസേചന വകുപ്പിന്റെ ഉപകാര്യാലയം ഇപ്പോൾ പാലത്തിന്റെ കിഴക്ക് ഭാഗത്ത് പ്രവർത്തിക്കുന്നുണ്ട്.
കൃത്യമായ സമയങ്ങളിൽ ഷട്ടർ തുറക്കാനും അടക്കാനും ഇത് ഗുണകരമാകും. അതേസമയം കടലിൽനിന്നും പുഴയിലേക്ക് അമിതമായി വെള്ളം കയറുന്ന സമയത്ത് പദ്ധതി പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ പുഴയോര വീടുകളിലേക്ക് വെള്ളം കയറുന്ന പ്രതിസന്ധി ഷട്ടറിടുമ്പോൾ നിലനിൽക്കുന്നുണ്ട്. ഷട്ടർ സ്ഥാപിക്കുന്ന പ്രവൃത്തി പുനരാരംഭിച്ചാലും മഴക്കാലത്തിന് മുമ്പ് പൂർത്തിയാക്കാനാവില്ല. അതോടെ പദ്ധതി ഒരു വർഷം കൂടി നീളാനാണ് സാധ്യത.
ഷട്ടർ പുനർനിർമാണത്തിനായി വിവിധ സാമഗ്രികൾ പലയിടത്തായി ഇറക്കിയതിനാൽ നാട്ടുകാർ വലിയ പ്രയാസത്തിലാണ്. അതോടൊപ്പം ബണ്ട് കെട്ടാനിറക്കിയ ചെമ്മണ്ണിൽ നിന്നും വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിശല്യമുണ്ട്. പദ്ധതി നിലച്ചതോടെ ഷട്ടർ സ്ഥാപിക്കാനായി നിർമിച്ച ബണ്ടിൽ ചൂണ്ടയിടുന്നവരുടെ തിരക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.