പുറത്തൂരിൽ കെട്ടിടത്തിൽ തീപിടിത്തം
text_fieldsതിരൂർ: പുറത്തൂർ-ബോട്ട് ജെട്ടി റോഡിലെ മുരിക്കുംമാടത്ത് ആക്രിക്കടയും ഫാൻസി, സ്റ്റേഷനറി ഉപകരണങ്ങളും വിൽക്കുന്ന കെട്ടിടത്തിന് തീ പിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. വ്യാഴാഴ്ച പുലർച്ചെ 12 മണിയോടെയാണ് തീപിടുത്തമുണ്ടായത്. കാവിലക്കാട് സ്വദേശി ഹാരിസിന്റെ കടയാണിത്. നാലകത്ത് ഹനീഫയുടെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
വെള്ളിയാഴ്ച പുലർച്ചെ 12ന് ഭയാനക ശബ്ദംകേട്ട് വീട്ടിൽനിന്നും പുറത്തിറങ്ങിയ സദഖ് നാലകത്താണ് തീ ആദ്യം കണ്ടത്. അയൽപക്കക്കാരെ കൂട്ടി അണക്കാൻ ശ്രമിക്കുന്നതിനിടെ തീ കെട്ടിടത്തിന്റെ ഉള്ളിലേക്ക് പടർന്നു. കെട്ടിടത്തിന്റെ അടിഭാഗത്ത് നാല് മുറിയും മുകളിൽ ക്വാട്ടേഴ്സുമാണ്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. താഴെയുള്ള നാല് മുറികളിലാണ് ഹാരിസ് കച്ചവടം നടത്തുന്നത്.
കെട്ടിടത്തിന്റെ സമീപത്തായി പ്ലാസ്റ്റിക് ചാക്കുകളിലാണ് ആക്രി സാധങ്ങൾ സൂക്ഷിച്ചിരുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ തീ അണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് തിരൂർ, പൊന്നാനി ഫയർസ്റ്റേഷനുകളിൽ നിന്ന് രണ്ട് വീതം യൂനിറ്റുകളെത്തി നാലര മണിക്കൂറാേളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അണച്ചത്. ഗോഡൗണിലുണ്ടായിരുന്നത് പ്ലാസ്റ്റിക് ഉൽപന്നങ്ങളും പേപ്പറും മറ്റുമായതിനാൽ തീപെട്ടെന്ന് ആളിപ്പടർന്നു.
പുകയും കനത്ത ചൂടും രക്ഷാപ്രവർത്തനത്തിന് പ്രയാസം സൃഷ്ടിച്ചു. കുമിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉൽപന്നങ്ങൾ കത്തിയത് അണക്കാൻ ശ്രമിച്ചിട്ടും വിജയിക്കാനാവാതെ വന്നപ്പോൾ ജെ.സി.ബി ഉപയോഗിച്ച് സാധനങ്ങൾ പുറത്തേക്ക് വലിച്ചിട്ടാണ് അണച്ചത്. കടയിലെ മുഴുവൻ സാധനങ്ങളും കത്തിനശിച്ചു. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
തിരൂർ ഫയർ യൂനിറ്റ് അസി. സ്റ്റേഷൻ ഓഫിസർ സന്തോഷ് കുമാർ, സീനിയർ ഓഫിസർ പ്രേം രാജ്, ദുൽഖർനെെനി, ഉണ്ണികൃഷ്ണൻ, ഫയർ ഓഫിസർമാരായ അബ്ദുൽ മനാഫ്, കെ. പ്രവീൺ, സുജിത് സുരേന്ദ്രൻ, സതീഷ് കുമാർ, പ്രജിത്ത്, ഹോം ഗാർഡ്മാരായ ജോയ്സ് ഫ്രാൻസിസ്, സി. ദിനേശ്, ഗിരീഷ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.