വാടകവീട്ടിലെ ഗോഡൗണിൽ തീപിടിത്തം
text_fieldsതിരൂര്‍: തൃക്കണ്ടിയൂര്‍ വിഷുപാടത്ത് ഇലക്ട്രോണിക് സാധനങ്ങളുടെ ഗോഡൗണായി ഉപയോഗിക്കുന്ന വാടകവീട്ടിലെ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം.
തിരൂര്‍ ഗള്ഫ്മാര്ക്കറ്റില് ഫുട്പാത്ത് കച്ചവടം ചെയ്യുന്ന കൂട്ടായി സ്വദേശി റസാഖ് താമസിക്കുന്ന വിഷുപാടം റോഡിലെ പി.കെ. സഹീറ ക്വാർട്ടേഴ്സിലെ ഒരുമുറിക്കാണ് തീപിടിത്തമുണ്ടായത്. ലക്ഷങ്ങള്‍ വിലയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് കത്തിനശിച്ചത്. മൂന്ന് വര്‍ഷം മുമ്പും ഇതേ സ്ഥലത്ത് തീപിടിത്തമുണ്ടായിരുന്നു.
തീപിടിത്തമുണ്ടാവാനിടയാക്കിയ സാഹചര്യം വ്യക്തമല്ല. വര്‍ഷങ്ങളായി ഇവിടെ താമസിച്ചുവരുന്ന റസാഖ് സംഭവ സമയത്തും മുറിയിലുണ്ടായിരുന്നു. ഭയാനക ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ തിരൂര്‍ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. തൃക്കണ്ടിയൂര്‍ റോഡില്‍ വലിയ വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കി.
രണ്ട് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീയണച്ചത്. മറ്റു മുറികളിലേക്ക് തീപടരാതിരുന്നതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. അഗ്നിരക്ഷാസേനയുടെ രണ്ട് യൂനിറ്റാണ് രക്ഷാപ്രവർത്തനം നടത്തിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.കെ. സന്തോഷ്, ഓഫിസർമാരായ പി.വി. സതീഷ് കുമാർ, കെ. നിജീഷ്, അബ്ദുൽ മനാഫ്, വി.സി. രഘുരാജ്, സി. അഖിലേഷ്, സി. ദിനേശ്, പി. മുരളീധരൻ, ദുൽക്കർ നൈനി, സി.കെ. മുരളീധരൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.