ജബൽപൂർ ട്രെയിനിന് വേണം, തിരൂരിൽ സ്റ്റോപ്
text_fieldsതിരൂർ: ആഴ്ചയിൽ സർവിസ് നടത്തുന്ന കോയമ്പത്തൂർ - ജബൽപൂർ - കോയമ്പത്തൂർ ട്രെയിനിന്റെ ജില്ലയിലെ ഏക സ്റ്റോപ്പായിരുന്ന തിരൂരിലേത് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു.
കോവിഡിന് മുമ്പ് തുടങ്ങിയ ഈ സ്പെഷൽ സൂപ്പർ ഫാസ്റ്റ് ട്രെയിനിന് തിരൂരിൽ സ്റ്റോപ് ഉണ്ടായിരുന്നെങ്കിലും കോവിഡാനന്തരം ഓടി തുടങ്ങിയപ്പോൾ തിരൂരിലെ സ്റ്റോപ് ഉൾപ്പെടെ ഒഴിവാക്കിയാണ് സർവിസ് നടത്തുന്നത്. എന്നാൽ തിരൂരിനൊപ്പം റദ്ദാക്കിയ വടകര സ്റ്റോപ് കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ചപ്പോഴും ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂരിലെ സ്റ്റോപ് പുനഃസ്ഥാപിക്കാത്തത് യാത്രക്കാർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നു.
ജില്ലയിലെ മറുനാടൻ മലയാളികൾ ഉൾപ്പെടെയുള്ളവർക്കും കൊങ്കൺ വഴി മറ്റു വണ്ടികൾക്ക് റിസർവേഷൻ ലഭിക്കാത്തവർക്കും മലബാറിലെ കോയമ്പത്തൂർ യാത്രികർക്കും അനുഗ്രഹമായിരുന്നു ഈ ട്രെയിൻ.
മാത്രമല്ല ഈ ട്രെയിനിന് യാത്രക്കാർക്കിടയിൽ നല്ല സ്വീകാര്യത ലഭിച്ചിരുന്നു. തിരൂർ സ്റ്റോപ് ഒഴിവാക്കിയതോടെ ജില്ലയിലെ യാത്രക്കാർക്ക് ഇതിൽ യാത്ര ചെയ്യാൻ കോഴിക്കോടോ ഷൊർണൂരോ എത്തണം. നിലവിൽ കേരളത്തിൽ കാസർകോട്, കണ്ണൂർ, വടകര, കോഴിക്കോട്, ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകളുള്ളത്.
ജില്ലയിൽ സ്റ്റോപ്പില്ലാത്ത മുഴുവൻ തീവണ്ടികൾക്കും സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം നിലനിൽക്കെ നിലവിലുള്ളവ ഒഴിവാക്കുന്നത് യാത്രാ ക്ലേശം രൂക്ഷമാകുന്നതിന് ആക്കം കൂട്ടുമെന്ന് റെയിൽവേ യൂസേഴ്സ് ഫോറം ചൂണ്ടിക്കാട്ടി. കോയമ്പത്തൂരിലേക്ക് ഞായറാഴ്ചകളിലും അവിടുന്ന് തിങ്കളാഴ്ചകളിലുമാണ് മടക്കയാത്ര.
ജില്ലയിലെ എം.പിമാരും ജനപ്രതിനിധികളും വിഷയത്തിൽ ഇടപെടൽ ശക്തമാക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മുന്നിൽ നിൽക്കുകയും അമൃത് ഭാരത് സ്കീമിലേക്ക് ഇടം നേടുകയും ചെയ്തിട്ടുണ്ടെങ്കിലും തിരൂർ സ്റ്റേഷനോട് അധികാരികൾക്ക് ചിറ്റമ്മനയമാണെന്ന് യാത്രക്കാർ ആരോപിക്കുന്നു.
കോയമ്പത്തൂർ - ജബൽപൂർ - കോയമ്പത്തൂർ പ്രതിവാര ട്രെയിനിന്റെ തിരൂരിലെ സ്റ്റോപ് പുനഃസ്ഥാപിക്കണമെന്ന് റെയിൽവേ യൂസേഴ്സ് ഫോറം ഭാരവാഹികളായ മുനീർ കുറുമ്പടി, എം.സി. മനോജ് കുമാർ, റെയിൽ ഫാൻസ് ക്ലബ് അംഗം സാബിത്ത് പുള്ളാട്ട് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.