ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ഒന്നാംസ്ഥാനം നേടി പുറത്തൂർ സ്കൂൾ
text_fieldsതിരൂർ: ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ ഒന്നാംസ്ഥാനം പങ്കിട്ട് ജില്ലയുടെ അഭിമാനമായി പുറത്തൂർ ഗവ. യു.പി സ്കൂൾ. സ്കൂളിന്റെ നേട്ടത്തിൽ ആഹ്ലാദത്തിലാണ് പുറത്തൂരുകാർ. വയനാട് ജില്ലയിലെ ജി.എച്ച്.എസ് ഓടപ്പലം സ്കൂളാണ് പുറത്തൂരിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടത്. ഒന്നാമതെത്തുന്നവർക്ക് ലഭിക്കുന്ന 20 ലക്ഷം രൂപ ഇരു സ്കൂളും പങ്കിടും. പൊതുവിദ്യാഭ്യാസ വകുപ്പിനായി സി.ഡിറ്റിന്റെ സഹായത്തോടെ വിക്ടേഴ്സ് ചാനലിലൂടെ കൈറ്റാണ് ഹരിത വിദ്യാലയം റിയാലിറ്റി ഷോ നടത്തുന്നത്. 2017ൽ സ്കൂൾ രണ്ടാം റൗണ്ടിലെത്തിയിരുന്നു. പി.വി. ജീവകൃഷ്ണ, പി.പി. നർമദ്, പി.കെ. ഫാത്തിമ ഹന, എ.പി. ഹന്ന ഫാത്തിമ, കെ.പി. അനശ്വര, കെ. ശ്രീലക്ഷ്മി, നിഹാരിക പ്രിയേഷ്, കെ. അലി സിദാൻ എന്നീ വിദ്യാർഥികളാണ് റിയാലിറ്റി ഷോയിൽ പുറത്തൂർ ഗവ. സ്കൂളിനായി പ്രതിനിധീകരിച്ചത്. യു.പി തലത്തിൽനിന്ന് ഏഴും എൽ.പിയിൽനിന്ന് ഒരു വിദ്യാർഥിയും പങ്കെടുത്തു. കൊട്ടൂക്കര പി.പി.എം.എച്ച്.എസ്.എസാണ് ഫൈനൽ റൗണ്ടിലെത്തിയ ജില്ലയിലെ മറ്റൊരു വിദ്യാലയം. കൊട്ടൂക്കര പ്രത്യേക ജൂറി പുരസ്കാരം നേടി.
പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍, അടിസ്ഥാന സൗകര്യം, സാമൂഹിക പങ്കാളിത്തം, ഡിജിറ്റല്‍ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങള്‍, കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ പുരസ്കാരത്തിന് പരിഗണിച്ചിരുന്നു. ഹരിത വിദ്യാലയം ടീം സ്കൂളിലെത്തി വിഡിയോ ചിത്രീകരണം നടത്തി. ‘സന്തോഷ വിദ്യാലയം’ ആശയത്തിൽ നടത്തിയ വിവിധ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് പുരസ്കാരമെന്ന് സ്കൂൾ പ്രധാനാധ്യാപകൻ എ.വി. ഉണ്ണികൃഷ്ണൻ ‘മാധ്യമ’ത്തോട് പറഞ്ഞു. നാട്ടുകാരുടെ സഹകരണത്തോടെ സ്കൂളിനായി 17.63 സെന്റ് ഭൂമി ഏറ്റെടുത്തിരുന്നു. കെ.ടി. ജലീൽ എം.എൽ.എയുടെ ഫണ്ടിൽനിന്ന് 1.32 കോടിയും അനുവദിച്ചു. നാട്ടുകാരുടെയും പി.ടി.എയുടെയും ജനപ്രതിനിധികളുടെയും അകമഴിഞ്ഞ പിന്തുണയാണ് തീരദേശത്തെ സർക്കാർ സ്കൂളിന് കരുത്തായത്.
മികച്ച പി.ടി.എക്കുള്ള സംസ്ഥാനതല പുരസ്കാരമുൾപ്പെടെ വിവിധ അംഗീകാരങ്ങളും പുറത്തൂര്‍ ഗവ. യു.പി സ്കൂളിനെ തേടിയെത്തിയിട്ടുണ്ട്. ജനകീയ പങ്കാളിത്ത വിദ്യാലയ വികസന പദ്ധതി, എവറസ്റ്റ് സ്കോളർഷിപ് പദ്ധതി, ക്ലാപ് (കമ്യൂണിക്കേറ്റിവ് ലാംഗ്വേജ് അക്വിസിഷൻ പ്രോഗ്രാം) പദ്ധതി, സോഷ്യൽ ഓഡിറ്റിങ് എന്നീ വ്യത്യസ്ത പ്രവർത്തനങ്ങളാണ് പുറത്തൂർ ജി.യു.പി സ്കൂളിന്റെ നേട്ടത്തിന് പിന്നിൽ. പ്രധാനാധ്യാപകൻ എ.വി. ഉണ്ണികൃഷ്ണൻ, പി.ടി.എ പ്രസിഡന്റ് കെ. ഉമ്മര്‍, വെൽഫെയർ കമ്മിറ്റി ചെയർമാൻ സി.പി. കുഞ്ഞിമൂസ, എസ്.എം.സി ചെയർമാൻ സലാം പുറത്തൂർ, എസ്.ആർ.ജി കൺവീനർ ഷാജി കുമ്മിൽ, അധ്യാപകരായ ടി.പി. മുഹമ്മദ് മുസ്തഫ, പി.എസ്. ശ്രീലേഖ, സുഭാഷ് ചമ്രവട്ടം, ഫ്രാൻസിസ്, തോമസ്, മറ്റു അധ്യാപകർ, രക്ഷിതാക്കൾ എന്നിവരാണ് സ്കൂളിലെ വിവിധ പരിപാടികൾക്ക് നേതൃത്വം വഹിക്കുന്നത്.
വെള്ളിയാഴ്ച സ്കൂളിൽ പായസവും മധുരവും വിതരണം ചെയ്ത് വിജയനേട്ടം ആഘോഷിച്ചു. പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്കൂളിലെത്തി സ്കൂൾ അധികൃതരെയും ഷോയിൽ പങ്കെടുത്ത വിദ്യാർഥികളെയും അനുമോദിച്ചു. തിരൂർ എ.ഇ.ഒ പി. സുനിജയും സ്കൂളിലെത്തി അനുമോദിച്ചു. ചൊവ്വാഴ്ച വിപുലമായ ഘോഷയാത്ര നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഷോയിൽനിന്ന് ലഭിച്ച സമ്മാനത്തുക സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ ആലോചിക്കുന്നതായും പി.ടി.എ യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും എ.വി. ഉണ്ണികൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.