അപകടം കൂകി വിളിച്ച് തിരൂർ റെയിൽവേ സ്റ്റേഷൻ
text_fieldsതിരൂർ: റെയിൽവേ ഫൂട്ട് ഓവർ ബ്രിഡ്ജ് തകർന്നിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധം ശക്തമാവുന്നു. റെയിൽവേ സ്റ്റേഷൻ, സിറ്റി ജങ്ഷൻ, കോടതി, പൊലീസ് സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് തിരൂർ മാർക്കറ്റിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കാൽനട യാത്രക്കാർ ഏറെയും ആശ്രയിക്കുന്നത് റെയിൽവേ ഫൂട്ട് ഓവർ ബ്രിഡ്ജായിരുന്നു.
എന്നാൽ, മാസങ്ങളോളമായി റെയിൽവേ ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ രണ്ട് സ്റ്റെപ്പുകൾ അപകടകരമായ തകർന്ന നിലയിലാണ്. അപകടസാധ്യത മുന്നിൽകണ്ട് മാസങ്ങൾക്ക് മുമ്പ് താൽക്കാലികമായി പാലം അടച്ചിട്ടുണ്ടെങ്കിലും ദിനേനെ സ്ത്രീകളും വിദ്യാർഥികളുമുൾപ്പെടെ നൂറുകണക്കിന് യാത്രക്കാർ ഈ പാലത്തിന്റെ കോണിപ്പടികൾ ചാടികടന്നാണ് ഇപ്പോഴും യാത്ര ചെയ്യുന്നത്.
പ്രധാന റോഡിൽ പൊടിശല്യവും സ്ഥിരമായ ഗതാഗതകുരുക്കും രൂക്ഷമായതിനാലാണ് കാൽ നടയാത്രക്കാർ തകർന്ന പാലത്തിന്റെ കോണിപ്പടികൾ ചാടിക്കടന്ന് അപകടം മുന്നിൽകണ്ടിട്ടും വകവയ്ക്കാതെ യാത്ര ചെയ്യാൻ നിർബന്ധിതരാകുന്നത്. നിരവധി യാത്രക്കാർ ദിവസേന ഉപയോഗിക്കുന്ന ഈ ഓവർ ബ്രിഡ്ജ് അടിയന്തരമായി അറ്റകുറ്റപണി നടത്തണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷനൽ ഫോറം ഫോർ പീപ്പിൾ റൈറ്റ് (എൻ.എഫ്.പി.ആർ) സതേൺ റെയിൽവേ ഡിവിഷനൽ മാനേജർക്ക് നിവേദനം നൽകി.
ആളുകൾ റെയിൽവേ ട്രാക്ക് ക്രോസ് ചെയ്യാൻ ഉപയോഗിക്കുന്ന ജനബാഹുല്യം കൂടുതലുള്ള ഈ ഭാഗം അറ്റകുറ്റപ്പണി നടത്താതെ ഉപയോഗിക്കുന്നത് ജീവഹാനിക്ക് കാരണമാകുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സാധാരണക്കാരായ പൊതുജനങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ടതും സഞ്ചാര സ്വാതന്ത്ര്യത്തിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ പൊതുജനങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ടത് സമയബന്ധിതമായി നൽകണമെന്നും സാധാരണക്കാരായ പൗരന്മാരെ ജീവന് സുരക്ഷ ഒരുക്കേണ്ട ബാധ്യതയുള്ളതിനാൽ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
എൻ.എഫ്.പി.ആർ തിരൂരങ്ങാടി താലൂക്ക് പ്രസിഡൻറ് അബ്ദുൽ റഹീം പൂക്കത്ത്, മനാഫ് താനൂർ, റഷീദ് തലക്കടത്തൂർ എന്നീ ഭാരവാഹികളുടെ നേതൃത്വത്തിലാണ് അധികൃതർക്ക് നിവേദനം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.