പുതിയ പ്ലസ് വൺ ബാച്ചുകളില്ല പാലക്കാട് 8000 കുട്ടികൾ പെരുവഴിയിൽ
text_fieldsപാലക്കാട്: ആദ്യ അലോട്ട്മെൻറ് പ്രകാരം പ്ലസ് വൺ പ്രവേശനം ആരംഭിച്ചിരിക്കെ, അഡീഷനൽ ബാച്ചുകൾ അനുവദിക്കേണ്ടതില്ലെന്ന സർക്കാർ തീരുമാനം ജില്ലയിലെ ആയിരക്കണക്കിന് കുട്ടികളുടെ ഉപരിപഠനം പ്രതിസന്ധിയിലാക്കും. 20 ശതമാനം വർധന ചേർത്ത് സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിൽ മെറിറ്റിലും നോൺ മെറിറ്റിലുമായി ആകെ സീറ്റുകളുടെ എണ്ണം 33,097 ആണ്. 24,345 മാത്രമാണ് മെറിറ്റ് സീറ്റുകൾ. ബാക്കി 8752 എണ്ണം നോൺ മെറിറ്റോ അൺ എയ്ഡഡോ ആണ്. 43,010 അപേക്ഷകരുള്ള ജില്ലയിൽ ഫീസ് കൊടുത്താൽ പോലും 9913 വിദ്യാർഥികൾക്ക് െറഗുലറായി ഹയർ സെക്കൻഡറി പഠനം സാധ്യമാവില്ല.
24 അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ 83 ബാച്ചുകളും 4117 സീറ്റുകളും ഉണ്ടെങ്കിലും ഇതിൽ ചേർന്ന് പഠിക്കാൻ ഉയർന്ന ഫീസ് നൽകണം. വിജയ ശതമാനത്തിലും സമ്പൂർണ എ പ്ലസുകാരുടെ എണ്ണത്തിലും ഇത്തവണ വലിയ വർധനയാണ് ഉണ്ടായത്. ഇതുമൂലം സീറ്റ് തരപ്പെടുത്താൻ മത്സരം കടുത്തു. ഇഷ്ട സ്കൂളുകളും വിഷയങ്ങളും തിരഞ്ഞെടുത്ത് പഠിക്കാൻ ഒട്ടുമിക്കവർക്കുമാവുന്നില്ല. വീടിന് ഏറെ അകലെയുള്ള സ്കൂളുകളിലാണ് പലർക്കും അഡ്മിഷൻ ലഭിച്ചത്.
രണ്ടാം അലോട്ട്മെൻറിന് 4249 മെറിറ്റ് സീറ്റുകൾ മാത്രമേ ബാക്കിയുള്ളൂ. വർഷങ്ങളായി തെക്കൻ ജില്ലകളിൽ ഹയർ സെക്കൻഡറി സീറ്റുകൾ ഒഴിഞ്ഞുകിടക്കുേമ്പാഴാണ് മലബാറിൽ സീറ്റ് ലഭിക്കാതെ വിദ്യാർഥികൾ പുറത്തിരിക്കുന്നത്. കഴിഞ്ഞ വർഷം പ്ലസ് വൺ പ്രവേശനം കിട്ടാതെപോയ ജില്ലയിലെ 6274 കുട്ടികളാണ് സ്കോൾ കേരളയിൽ ചേർന്ന് പഠിച്ചത്. ഇത്തവണ കൂടുതൽ കുട്ടികൾക്ക് ഒാപൺ സ്കൂളിൽ അഭയംകണ്ടെത്തേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.