പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് ലക്ഷം രൂപയും റാഡോ വാച്ചും കവർന്നു
text_fieldsഒറ്റപ്പാലം: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് ഒരുലക്ഷം രൂപയും റാഡോ വാച്ചും കവർന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന 63 പവനും മോഷണം പോയെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് നടന്ന വിശദമായ പരിശോധനയിൽ കണ്ടെടുത്തു. വാണിയംകുളം ത്രാങ്ങാലിയിലെ പാർമൂച്ചിക്കൽ ബാലകൃഷ്ണന്റെ വീട്ടിലാണ് കവർച്ച നടന്നത്. പുറത്തുനിന്നും ഏണി ചാരിവെച്ച് വീടിന്റെ മുകൾ നിലയിൽ കയറി ഇരുമ്പ് വാതിലും മരവാതിലും തകർത്താണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചിട്ടുള്ളത്. മുകളിൽ കവർച്ച ശ്രമം നടത്തിയെങ്കിലും ഒന്നും ലഭിക്കാതെ വന്നതോടെയാണ് താഴെയെത്തി മോഷണം നടത്തിയിരിക്കുന്നത്.
താഴെ ബെഡ് റൂമിലെ രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന പണവും വാച്ചുമാണ് അപഹരിച്ചത്. ബാലകൃഷ്ണന്റെ ഭാര്യയുടെയും മകളുടെയും സ്വർണാഭരണങ്ങൾ വീട്ടിൽ അലമാരയിൽ തന്നെയാണ് സൂക്ഷിച്ചിരുന്നത്. പൊലീസിന്റെയും വിരലടയാള വിദഗ്ധരുടെയും പരിശോധനക്കുശേഷം വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയത്.
അലമാരയുടെ രഹസ്യ അറയിൽ ആഭരണങ്ങൾ ഭദ്രമായുണ്ടായിരുന്നു. ഭാര്യ ചെന്നൈയിലുള്ള മകന്റെ അടുത്തേക്ക് പോയതിനാൽ ഒരാഴ്ചയായോളമായി ബാലകൃഷ്ണൻ വീട്ടിൽ തനിച്ചാണ് താമസം.
സംഭവദിവസം ബാലകൃഷ്ണൻ രാത്രിയോടെ വീട് പൂട്ടി കൂനത്തറയിലെ മകളുടെ വീട്ടിലേക്ക് പോയി. വെള്ളിയാഴ്ച രാവിലെ ആറോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വ്യാഴാഴ്ച രാത്രി ഏഴിനും വെള്ളിയാഴ്ച രാവിലെ ആറിനും ഇടയിലാണ് മോഷണം നടന്നിരിക്കുന്നത്. ഒറ്റപ്പാലം പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.