പാലക്കാട് റെയിൽവേ പിറ്റ് ലൈൻ പദ്ധതി യാഥാർഥ്യത്തിലേക്ക്
text_fieldsപാലക്കാട്: ജില്ലയുടെ വികസന സ്വപ്നങ്ങളിലൊന്നായ പിറ്റ് ലൈൻ പദ്ധതി യാഥാർഥ്യത്തിലേക്ക്. ആദ്യഘട്ട പദ്ധതിയിൽ 16 കോടിയുടെ പ്രവൃത്തികൾക്കായി റെയിൽവേ ടെൻഡർ ക്ഷണിച്ചു. കഴിഞ്ഞയാഴ്ച 13 കോടിയുടെ സിവിൽ പ്രവൃത്തികൾക്ക് റെയിൽവേ ടെൻഡർ ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞദിവസം മൂന്നു കോടിയുടെ ട്രാക്ക് പ്രവൃത്തികൾക്കായും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
പാലക്കാട് പിറ്റ് ലൈനിനായി 47 കോടിയുടെ പ്രവൃത്തികൾക്കാണ് റെയിൽവേ ബോർഡ് അംഗീകാരം നൽകിയത്. ദീർഘദൂര ട്രെയിനുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതാണ് പിറ്റ് ലൈൻ പദ്ധതി.
പിറ്റ് ലൈൻ യഥാർഥ്യമായാൽ പാലക്കാട്ടുനിന്ന് ദീർഘദൂര ട്രെയിൻ സർവിസുകൾ തുടങ്ങാനും അവസാനിപ്പിക്കാനും കഴിയും. കേരളത്തിന്റെ വടക്ക് - തെക്ക് ഭാഗത്തേക്കും പാലക്കാട്ടുനിന്ന് പുതിയ സർവിസ് നടത്താനാകും. ട്രെയിനുകളുടെ അറ്റകുറ്റപ്പണിയും മറ്റു സർവിസും നടത്താൻ കഴിയുന്ന ഇരട്ട പിറ്റ്ലൈനാണ് പാലക്കാട് നിർമിക്കുന്നത്. ഇപ്പോൾ തിരുവനന്തപുരത്തും കൊച്ചിയിലും മാത്രമാണ് പ്രധാന പിറ്റ് ലൈനുകളുള്ളത്. പാലക്കാട് ഡിവിഷനിൽ മംഗലാപുരത്താണ് മറ്റൊരു പിറ്റ് ലൈനുള്ളത്. നടപടി വേഗത്തിലായതോടെ പാലക്കാട് പിറ്റ് ലൈൻ ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനാവും എന്നാണ് പ്രതീക്ഷ.
അഭിമാനകരമായ നേട്ടം -വി.കെ. ശ്രീകണ്ഠൻ എം.പി
പിറ്റ് ലൈൻ പദ്ധതി പാലക്കാട് റെയിൽവേക്ക് അഭിമാനകരമായ നേട്ടമെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെ ടെൻഡർ നടപടി ആരംഭിച്ചു കഴിഞ്ഞു. ഒന്നാംഘട്ട പ്രവൃത്തിയോടനുബന്ധിച്ച് തന്നെ രണ്ടാംഘട്ട ടെൻഡർ കൂടി ഉടൻ ഉണ്ടാകുമെന്ന് എം.പി പറഞ്ഞു. കഴിഞ്ഞ നാലു വർഷക്കാലമായി റെയിൽവേ അധികൃതരോടും ബോർഡിനോടും നിരന്തരം സമ്മർദം ചെലുത്തിയാണ് പദ്ധതി നേടിയെടുത്തത്.
റെയിൽവേ മന്ത്രിമാർ, ബോർഡ് ചെയർമാൻമാർ, ജനറൽ മാനേജർമാർ, ഡിവിഷനൽ മാനേജർമാർ എന്നിവരുമായി നിരന്തരം ഇടപെടൽ നടത്തിയിരുന്നു. പാലക്കാട് പിറ്റ് ലൈൻ കേരളത്തിന്റെ റെയിൽവേ വികസനത്തിൽ നിർണായകമാകുമെന്നും എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.