പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ച് മഴ; നെൽപാടങ്ങളിൽ കർഷകരുടെ കണ്ണീർമഴ
text_fieldsപാലക്കാട്: താളം തെറ്റി പെയ്യുന്ന മഴയിൽ ജില്ലയിലെ നെൽകർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കുന്നു. പലയിടത്തും കൊയ്തെടുക്കാൻ പാകമായ നെൽചെടികൾ മഴയിൽ വീണുതുടങ്ങി. വീണടിഞ്ഞ ചെടികൾ വെള്ളത്തിൽ മുങ്ങിക്കിടന്നാൽ നശിച്ചുപോകും. നല്ല വെയിൽ ലഭിച്ചാൽ പെട്ടെന്ന് വിളവെടുപ്പിന് പാകമാകും. എന്നാൽ നിർത്താതെ പെയ്യുന്ന മഴ കർഷകരെ ആശങ്കയിലാക്കുകയാണ്. വീണുകിടക്കുന്ന നെൽചെടികൾ യന്ത്രം ഉപയോഗിച്ച് കൊയ്തെടുക്കുന്നതിന് ഏറെ പരിമിതികളുണ്ട്. ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലാണ് ഇപ്പോൾ കൊയ്ത്ത് സജീവമായിട്ടുള്ളത്.
ആലത്തൂർ, പാലക്കാട് താലൂക്കുകളിലെ ചിലയിടങ്ങളിൽ കൊയ്ത്ത് ആരംഭിച്ചിട്ടുണ്ട്. കോവിഡ് മാർഗനിർദേശങ്ങളുള്ളതിനാൽ രജിസ്ട്രേഷൻ, സംഭരണം തുടങ്ങിയവയിൽ കർഷകർക്ക് നിരവധി ആശങ്കകളാണുള്ളത്. കഴിഞ്ഞ ഒന്നാംവിളക്ക് നടത്തിയ രജിസ്ട്രേഷൻ അതേപടി പുതുക്കുമെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, കഴിഞ്ഞവർഷം ഉപയോഗിച്ച അതേയിനം വിത്ത് ഈ പ്രാവശ്യവും ഉപയോഗിക്കാത്തവരുടെ കാര്യത്തിൽ വ്യക്തതയില്ല. കൃഷിഭവനുകളിലേക്ക് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ എത്തിയിട്ടില്ലെന്നാണ് കൃഷിഭവൻ ജീവനക്കാരുടെ വിശദീകരണം.
മുഞ്ഞബാധ അതിരൂക്ഷം
പട്ടാമ്പി: ജില്ലയിലെ വയലുകളിൽ മുഞ്ഞ രോഗം വ്യാപിക്കുന്നതായി പട്ടാമ്പി കാർഷിക ഗവേഷണകേന്ദ്രം. നെല്ലിന് വലിയ തോതിൽ വിള നഷ്ടമുണ്ടാക്കുന്ന കീടം ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് കാണപ്പെടുന്നത്. മഴയും ചൂടും മാറിമാറിവരുന്ന കാലാവസ്ഥ മുഞ്ഞയുടെ വർധനവിന് കാരണമാകുന്നു. വിതക്കുന്ന പാടങ്ങളിലും ഇവയുടെ എണ്ണം വർധിച്ചു കാണുന്നു. ചിറകുള്ളതും ഇല്ലാത്തവയുമായി രണ്ടുതരത്തിൽ ബ്രൗൺ നിറത്തിലുള്ള പൂർണ കീടങ്ങൾ കാണപ്പെടുന്നു.
പെൺമുഞ്ഞകൾ നെൽചെടികളുടെ ഇലപ്പോള തുളച്ച് ഇരുവശങ്ങളിലുമായി വരിവരിയായി വെള്ള നിറത്തിലുള്ള മുട്ടകൾ തറച്ചുവെക്കുന്നു. അഞ്ച്-ആറ് ദിവസങ്ങൾക്കുള്ളിൽ പുറത്തുവരുന്ന കുഞ്ഞുങ്ങൾ ചെടിയുടെ കടക്കലേക്ക് ഇഴഞ്ഞിറങ്ങി പോളകളിൽനിന്ന് നീരൂറ്റി കുടിക്കുന്നു. കുഞ്ഞുങ്ങൾ ഇലത്തലപ്പുകളിലേക്ക് ഇഴഞ്ഞുകയറിയാണ് മറ്റു ചെടികളിലേക്ക് വ്യാപിക്കുന്നത്. കീടനാശിനികളുടെ അമിതപ്രയോഗം മുഞ്ഞയുടെ വംശവർധനക്ക് ചില കാലങ്ങളിൽ കാരണമാകുന്നു.
തളിക്കുന്ന കീടനാശിനി ലക്ഷ്യസ്ഥാനത്ത് എത്താതെ ചെടിയുടെ ഉപരിതലത്തിൽ മാത്രമായി പതിക്കുന്നതും മിത്ര ജീവജാലങ്ങളെ നശിപ്പിക്കുന്നതും മുഞ്ഞയുടെ വംശവർധനക്ക് കാരണമാകുന്നു. തുടർച്ചയായുള്ള കീടനാശിനി പ്രയോഗം മുഞ്ഞയുടെ പ്രതിരോധശേഷി ത്വരിതപ്പെടുത്തുന്നു. അതിനാൽ ആദ്യഘട്ട കീടനാശിനി പ്രയോഗത്തിനുശേഷം ഒരേ കീടനാശിനി തുടർച്ചയായി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് കാർഷിക ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞർ പറയുന്നു.
കൊയ്ത്ത് യന്ത്രങ്ങൾ എത്തിയില്ല; നെൽക്കതിർ വീണ് നശിച്ചു
പുതുനഗരം: കൊയ്ത്ത് യന്ത്രങ്ങൾ എത്താത്തതിനെ തുടർന്ന് നെൽക്കതിരുകൾ വീണ് നശിച്ചു. പുതുനഗരം, വടവന്നൂർ, പല്ലശ്ശന, കൊടുവായൂർ പഞ്ചായത്തുകളിലാണ് കൊയ്ത്ത് യന്ത്രങ്ങൾ എത്താൻ വൈകുന്നതിനാൽ നെൽക്കതിരുകൾ മഴയിൽ വീണ് നശിക്കുന്നത്. തമിഴ്നാട്ടിൽനിന്ന് എത്തുന്ന കൊയ്ത്ത് യന്ത്രത്തിലെ ജീവനക്കാർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന നിബന്ധന മൂലമാണ് കൊയ്ത്ത് യന്ത്രങ്ങൾ എത്താൻ താമസിക്കുന്നതെന്ന് ഏജൻറുമാർ പറയുന്നു.
എന്നാൽ, പരിശോധന നടത്തുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും കേരളത്തിലെത്തി കോവിഡ് പരിശോധന നടത്തുന്നതാണ് ഉചിതമെന്ന നിലപാടിലാണ് ആരോഗ്യ വകുപ്പ്. കൊയ്ത്ത് യന്ത്രങ്ങൾ കൂടുതൽ എത്തിച്ച് മഴമൂലം ഉണ്ടാകുന്ന നഷ്ടം നികത്താൻ സർക്കാർ ക്രിയാത്മകമായി ഇടപെടണമെന്ന് പാടശേഖര സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.