പോത്തുണ്ടി ഡാം കുടിവെള്ള പദ്ധതി നിർമാണം പുരോഗമിക്കുന്നു
text_fieldsആലത്തൂർ: പോത്തുണ്ടി ഡാമിൽനിന്ന് ആറ് ഗ്രാമപഞ്ചായത്തുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നതിന് നടപ്പാക്കുന്ന സമഗ്ര പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. നാല് പഞ്ചായത്തുകളിൽ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി അവസാന ഘട്ടത്തിലാണ്.
എന്നാൽ, രണ്ട് പഞ്ചായത്തുകളിൽ സാങ്കേതിക തടസ്സം മൂലം നിർമാണം പ്രതിസന്ധിയിലാണ്. പൊതുമരാമത്ത് വകുപ്പിന്റെ റോഡ് പൊളിക്കുന്ന കാര്യത്തിൽ അനുമതി ലഭിക്കാത്തതാണ് എലവഞ്ചേരി, പല്ലശ്ശന പഞ്ചായത്തുകളിലേക്കുള്ള പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി തടസ്സപ്പെടാൻ കാരണം.
റോഡ് നിർമിച്ച് ഒരുവർഷം കഴിഞ്ഞശേഷം മാത്രമേ വശങ്ങളിൽ ചാൽ നിർമിക്കാൻ പാടുള്ളൂ എന്ന പൊതുമരാമത്ത് വകുപ്പിന്റെ വ്യവസ്ഥയാണ് പദ്ധതിക്ക് വിനയായത്. എലവഞ്ചേരി ഭാഗത്ത് റോഡ് നിർമാണം കഴിഞ്ഞിട്ട് ഏതാണ്ട് ഒരുവർഷമായി.
എന്നാൽ, പല്ലശ്ശനയിലെ കൂടല്ലൂരിലേക്ക് പൈപ്പ് സ്ഥാപിക്കാൻ ഇനിയും രണ്ടുമാസം കഴിയേണ്ടി വരും. 2023 മാർച്ചിൽ കമീഷൻ ചെയ്യേണ്ടതാണ് പദ്ധതി. നെന്മാറ, അയിലൂർ, മേലാർക്കോട് പഞ്ചായത്തുകളിലേക്ക് നിലവിൽ നടപ്പാക്കിയ പദ്ധതിക്ക് പുറമെ എലവഞ്ചേരി, പല്ലശ്ശന, എരിമയൂർ, ആലത്തൂർ, കാവശ്ശേരി, പുതുക്കോട് ഗ്രാമപഞ്ചായത്തുകളിലേക്ക് കൂടി നടപ്പാക്കുന്ന കിഫ്ബിയുടെ 180 കോടിയുടേതാണ് പോത്തുണ്ടി ഡാം കുടിവെള്ള പദ്ധതി.
പൊതുമരാമത്ത് വകുപ്പിനും മറ്റും നൽകേണ്ട തുക ഉൾപ്പെടുത്തുമ്പോൾ 274 കോടിയാണ് ചെലവ്. ഹൈദരാബാദ് കമ്പനിയാണ് നിർമാണ കരാർ എടുത്തിട്ടുള്ളത്. ഡാമിന്റെ മുൻ ഭാഗത്ത് 17.58 കോടി രൂപ ചെലവിൽ 26 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജലശുദ്ധീകരണ ശാലയുടെ നിർമാണം ഏതാണ്ട് പൂർത്തിയായി.
എലവഞ്ചേരി പഞ്ചായത്തിലേക്കുള്ള 10 ലക്ഷം ലിറ്റർ ജലസംഭരണി എലവഞ്ചേരി വെങ്കായ പാറയിലും പല്ലശ്ശന, എരിമയൂർ പഞ്ചായത്തുകളിലേക്കുള്ള 33 ലക്ഷം ലിറ്റർ സംഭരണി പല്ലാവൂരിലെ കുന്നിൻ മുകളിലും ആലത്തൂർ, കാവശ്ശേരി, പുതുക്കോട് പഞ്ചായത്തുകളിലേക്കുള്ള 40 ലക്ഷം ലിറ്റർ സംഭരണി ആലത്തൂർ വെങ്ങന്നൂർ നെരങ്ങാംപാറ കുന്നിൻ മുകളിലുമാണ് നിർമിക്കുന്നത്. എല്ലാ പ്രവൃത്തികളും നടന്നുവരുന്നുണ്ട്. പിന്നീട് തരൂർ പഞ്ചായത്തിനെ കൂടി ഉൾപ്പെടുത്തിയാലും നെരങ്ങാംപാറയിലെ സംഭരണി മതിയാകുമെന്നാണ് നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.