യുവമോർച്ച നേതാവ് വധം; ഒളിവിൽ പോയ രണ്ടാം പ്രതി അറസ്റ്റിൽ
text_fieldsപുന്നയൂർക്കുളം: യുവമോർച്ച നേതാവ് അണ്ടത്തോട് പെരിയമ്പലം പൊന്നോത്ത് കുഞ്ഞിമോന്റെ മകൻ മണികണ്ഠനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിഞ്ഞ രണ്ടാം പ്രതി അറസ്റ്റിൽ. ചാവക്കാട് കടപ്പുറം ബുഖാറയിൽ കീപ്പാട്ട് വീട്ടിൽ നസറുല്ല തങ്ങളെയാണ് (44) വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലർച്ച പാവറട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ പാടൂരിൽനിന്ന് എസ്.എച്ച്.ഒ ആർ. ബിനുവിന്റെ നേതൃത്വത്തിൽ വടക്കേക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
എ.ടി.എസ് ഉൾപ്പെടെ രാജ്യത്തെ വിവിധ അന്വേഷണ ഏജൻസികളുടെയും കേരള പൊലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘങ്ങളുടെയും കണ്ണുവെട്ടിച്ച് കേരളത്തിനകത്തും പുറത്തുമായി ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. മണികണ്ഠൻ കൊലപാതക കേസിലെ വിചാരണക്കിടെ 2019ലാണ് നസറുല്ല തങ്ങൾ ഒളിവിൽ പോയത്. കോൺഗ്രസ് പ്രവർത്തകൻ പുന്ന നൗഷാദിനെ കൊലപ്പെടുത്തിയ കേസിലും നസറുല്ല തങ്ങൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ചാവക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത ഈ കേസ് ഇപ്പോൾ പാലക്കാട് സി.ബി.സി.ഐ.ഡിയുടെ അന്വേഷണത്തിലാണ്.
നസറുല്ല തങ്ങളെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് എൻ.ഐ.എ ഉൾപ്പെടെയുള്ള വിവിധ അന്വേഷണ ഏജൻസികളിലെ ഉദ്യോഗസ്ഥർ വടക്കേക്കാട് സ്റ്റേഷനിലെത്തി ഇയാളെ ചോദ്യം ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതി പുന്നയൂർക്കുളം പനന്തറ സ്വദേശി ഖലീലിനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചിരുന്നു. 2004 ജൂൺ 12നാണ് മണികണ്ഠനെ (28) കൊലപ്പെടുത്തിയത്. പെരിയമ്പലം യതീംഖാന റോഡിന് സമീപത്തുവെച്ച് സുഹൃത്തുമായി സംസാരിച്ചുനില്ക്കുന്നതിനിടെയായിരുന്നു ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.