ടി. ചാത്തു: വിടപറഞ്ഞത് കർമനിരതനായ നേതാവ്
text_fieldsമുതലമട: അവസാനനിമിഷം വരെ കർമനിരതനായിരുന്ന കർഷകത്തൊഴിലാളി നേതാവിനെയാണ് ടി. ചാത്തുവിെൻറ വേർപാടിലൂടെ സി.പി.എമ്മിനും നാടിനും നഷ്ടമായത്. 1957 ഒക്ടോബർ ഒന്ന് രാത്രി കൂലിവർധനക്കു വേണ്ടി ചിറ്റൂരിൽ നടന്ന തൊഴിലാളി സമരത്തിനുനേരെ അരണ്ടപ്പള്ളം വേലുക്കുട്ടി എന്ന ജന്മി വെടിയുതിർത്തു.
കർഷകത്തൊഴിലാളി അരണ്ടപ്പള്ളം ആറു വെടിയേറ്റ് മരിച്ചു. പൊലീസ് വരുന്നതിനുമുമ്പ് മൃതദേഹം മാറ്റി തെളിവ് നശിപ്പിക്കാൻ ജന്മി ശ്രമം തുടങ്ങി. ജില്ലയിലെ ആദ്യ രക്തസാക്ഷി കൂടിയായ ആറുവിെൻറ ചേതനയറ്റ ശരീരത്തിന് രാത്രി മുഴുവൻ കാവൽനിന്ന നേതാവാണ് ചാത്തു. 18ാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി.
അഖിലേന്ത്യ കിസാൻസഭയിലൂടെയാണ് പൊതുരംഗത്തേക്ക് വന്നത്. ആദ്യം വില്ലേജ് സെക്രട്ടറി, താലൂക്ക് സെക്രട്ടറി, 1966ൽ കെ.എസ്.കെ.ടി.യു രൂപവത്കരിച്ചപ്പോൾ ജില്ല ജോയൻറ് സെക്രട്ടറി, പിന്നീട് സംസ്ഥാന ജോയൻറ് സെക്രട്ടറി, ഒരു വർഷം സംസ്ഥാന ആക്ടിങ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 27 വർഷമായി കർഷകത്തൊഴിലാളി യൂനിയൻ അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗമാണ്. സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗമായി ഒമ്പത് വർഷവും പ്രവർത്തിച്ചു. 1991 മുതൽ 1996 വരെ കൊല്ലങ്കോട് മണ്ഡലത്തിൽനിന്ന് എം.എൽ.എയായി.
സി.പി.എം കൊല്ലങ്കോട് ഏരിയ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ്, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ വി. ചെന്താമരാക്ഷൻ, ഇ.എൻ. സുരേഷ് ബാബു, കെ. ബാബു എം.എൽ.എ, കെ.ഡി. പ്രസേനൻ എം.എൽ.എ, ആർ. ചിന്നക്കുട്ടൻ, എ. പ്രഭാകരൻ, എൻ.പി. വിനയകുമാർ, എസ്. സുഭാഷ് ചന്ദ്രബോസ്, എസ്. ശിവ പ്രസാദ്, കെ. രമാധരൻ തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.