പി.ടി 7നെ പിടികൂടാൻ ദൗത്യസംഘം ഒരുങ്ങി; പരാക്രമം തുടർന്ന് കാട്ടുകൊമ്പൻ
text_fieldsഅകത്തേത്തറ: നാടിനെ വിറപ്പിച്ച പാലക്കാട് ടസ്കർ 7 (പി.ടി 7) എന്ന കാട്ടുകൊമ്പനെ വരുതിയിലാക്കാൻ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം പ്രത്യേകം രൂപവത്കരിച്ച 32 പേർ അടങ്ങിയ സംഘം ഒരാഴ്ചക്കകം ദൗത്യത്തിനിറങ്ങും.
വനം വന്യജീവി വകുപ്പ് ചീഫ് വെറ്ററിനറി ഓഫിസർ അരുൺ സക്കറിയ നയിക്കുന്ന സംഘത്തിനാണ് കൊല കൊമ്പനെ കുങ്കിയാനകളുടെ സഹായത്തോടെ സൗകര്യപ്രദമായ സ്ഥലത്ത് എത്തിച്ച് മയക്കുവെടി വെച്ച് പിടികൂടാൻ വനം വകുപ്പ് ചുമതല നൽകുക. വയനാട് മുത്തങ്ങയിൽ കാട്ടാനയെ മെരുക്കിയെടുക്കാൻ പ്രത്യേക കൂട് സജ്ജീകരിച്ചു. 15 അടി നീളവും 18 അടി ഉയരവുമുള്ള കൂട് ഒരുക്കിയിട്ടുള്ളത് യൂക്കാലിപ്സ് മരങ്ങൾ ഉപയോഗിച്ചാണ്.
ധോണിയിലെ ശിവരാമനെ കുത്തിക്കൊലപ്പെടുത്തുകയും തോട്ടം തൊഴിലാളികളെ ആക്രമിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് പി.ടി 7നെ പിടികൂടാൻ വനം വകുപ്പ് തീരുമാനിച്ചത്. ഈ മാസത്തിനകം തന്നെ കാട്ടാനയെ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. അതേസമയം, പത്ത് ദിവസമായി കാട്ടാന അകത്തേത്തറ, ധോണി, പയറ്റാംകുന്ന്, പെരുംതുരുത്തി കളം എന്നീ സ്ഥലങ്ങളിലും പരിസരങ്ങളിലും ജനവാസ മേഖലയിൽ കറങ്ങുകയാണ്. രാത്രി നാട്ടിലിറങ്ങി മതിലും വേലിയും തകർത്ത് വിള നശിപ്പിച്ചും തിന്നും കാട്ടിലേക്ക് മടങ്ങുന്നു. ഏതു സമയത്തും കാട്ടാനയുടെ മുന്നിലകപ്പെടാനോ പിറകിൽനിന്ന് ആക്രമിക്കാനോ സാധ്യതയുള്ളതിന്നാൽ രാത്രിയും പകലും ഒരുപോലെ ജനങ്ങൾ പുറത്തിറങ്ങാൻ ഭയപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.