സഞ്ചാരികളെ മാടിവിളിച്ച് കടപ്പാറ ആലിങ്കല്‍ വെള്ളച്ചാട്ടം
text_fieldsവടക്കഞ്ചേരി: മംഗലം ഡാം കടപ്പാറക്കടുത്ത് തളികക്കല്‍ ആദിവാസി കോളനിക്ക് സമീപം ആലിങ്കല്‍ വെള്ളച്ചാട്ടം വിനോദസഞ്ചാരികളെ വിസ്മയിപ്പിക്കുന്നു. പാറമലയില്‍നിന്നുള്ള ജലപ്രവാഹം മനോഹരമാണ്. വെള്ളച്ചാട്ടം സജീവമായതോടെ സഞ്ചാരികളും കൂടിയിട്ടുണ്ട്. കാട്ടില്‍നിന്നാണ് ഈ ജലപാതയുടെ തുടക്കം. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ സ്ഥലം ഏറെ ഇഷ്ടമാകും.
ഇവിടേക്കുള്ള യാത്രയും കാട്ടുചോലകളിലൂടെ വെള്ളത്തിന്‍റെ കുത്തൊഴുക്കും കാനനക്കാഴ്ചകളും വിസ്മയമാണ്. മംഗലം ഡാമില്‍നിന്ന് 12 കി.മീ. അകലെ കടപ്പാറയിലെത്തി അവിടെനിന്ന് മൂന്ന് കി.മീ. സഞ്ചരിച്ചാൽ ആലിങ്കല്‍ വെള്ളച്ചാട്ടത്തിനടുത്തെത്താം. ജൂണ്‍ മുതല്‍ ജനുവരി വരെയും ഇവിടെ നല്ല നീരൊഴുക്കുണ്ടാവും.
പോത്തംതോട്, തളികക്കല്ല്, ആലിങ്കല്‍ വെള്ളച്ചാട്ടം എന്നീ മൂന്ന് കാട്ടുചോലയും സംഗമിക്കുന്ന തിപ്പിലികയവും ഇവിടുത്തെ പ്രധാന കാഴ്ചയാണ്. ഏതുവേനലിലും വെള്ളം കാര്യമായി കുറയാത്ത കയമാണ്. പിന്നെ അത്രയേറെ ആഴവും അപകടസാധ്യതയുമുണ്ട്. ചുറ്റുഭാഗവും പാറകള്‍ വലയം ചെയ്യുന്നതാണ് കയം. ഇതില്‍ പെട്ടാല്‍ പിന്നെ രക്ഷപ്പെടുന്നതും പ്രയാസവുമാണ്. ഇതിനടുത്ത് പോത്തന്‍തോട് പാലത്തില്‍നിന്ന് ഒരു കി.മീ. മുകളിലേക്ക് കയറിയാല്‍ വനത്തിനുള്ളില്‍ മറ്റൊരു വെള്ളച്ചാട്ടവുമുണ്ട്. ആദിവാസി കോളനിയിലേക്കുള്ള വഴികളിലെല്ലാം ചെറിയ വെള്ളച്ചാട്ടവുമുണ്ട്. പ്രദേശത്തെക്കുറിച്ച് പരിചയമുള്ളവര്‍ കൂടെ ഉണ്ടെങ്കില്‍ ഈ അപൂര്‍വകാഴ്ചകള്‍ കാണാനാവൂ. ഈ വെള്ളമാണ് മംഗലം ഡാം റിസര്‍വോയറിനെ നിറക്കുന്ന പ്രധാന നീരുറവ. കടപ്പാറ തോട്ടിലൂടെ ഒഴുകി രണ്ടാംപുഴ വഴിയാണ് വെള്ളം മംഗലം ഡാമിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.