കരുതലും കൈത്താങ്ങും അദാലത്തിന് തുടക്കം: തീരുമാനങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ നടപടി -മന്ത്രി പി. രാജീവ്
text_fieldsപത്തനംതിട്ട: പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തരപരിഹാരം ലക്ഷ്യമാക്കി സര്‍ക്കാര്‍ നടപ്പാക്കുന്ന കരുതലും കൈത്താങ്ങും താലൂക്കുതല അദാലത്തിന് ജില്ലയില്‍ തുടക്കം. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ മന്ത്രിമാരായ പി. രാജീവ്, വീണ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലാണ് പരാതികള്‍ സ്വീകരിച്ചുള്ള പരിഹാര നടപടികള്‍ക്ക് തുടക്കമിട്ടത്. മന്ത്രി പി. രാജീവ് ഉദ്ഘാടനം നിര്‍വഹിച്ചു.
കഴിഞ്ഞ തവണയും അദാലത് വിജയമായെന്ന് അദ്ദേഹം വ്യക്തമാക്കി. അദാലത്തിലെ തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കിയിരിക്കണം. ഫയലില്‍ നടപടി സ്വീകരിക്കാത്തതും അഴിമതിയാണെന്ന് തിരിച്ചറിയണം. ബോധപൂര്‍വം താമസിപ്പിച്ചാല്‍ നടപടിയെന്നും മന്ത്രി ഓര്‍മിപ്പിച്ചു. അധ്യക്ഷത വഹിച്ച മന്ത്രി വീണ ജോര്‍ജ് നല്ല ശതമാനം പരാതികള്‍ക്കും അദാലത്തിലൂടെ പരിഹാരം കാണാനാകുന്നുവെന്ന് പറഞ്ഞു.
ചടങ്ങില്‍ 38 പേര്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ മന്ത്രിമാര്‍ കൈമാറി. കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍, പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ ടി. സക്കീര്‍ ഹുസൈന്, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ റോയി ഫിലിപ്പ്, ജോണ്സണ് വിളവിനാല്‍, മിനി ജിജു ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
രമണിക്ക് കൈത്താങ്ങായി ഉത്തരവ്
മരങ്ങളായിരുന്നു പത്തനംതിട്ട നഗരസഭ നന്നുവക്കാട് മുതുവരത്തില് വീട്ടില്‍ എം.കെ. രമണിയുടെ ഉറക്കം കെടുത്തിയിരുന്നത്. വീടിന് മുകളിലേക്ക് ചാഞ്ഞുനില്ക്കുന്ന മഹാഗണിയും പനയും വീഴാവുന്ന നിലയിലായത് ജീവഹാനിയാണ് ഉളവാക്കിയത്.
ഭര്‍ത്താവ് മരിച്ചതോടെ വര്‍ഷങ്ങളായി ഒറ്റക്ക് കഴിയാന്‍ വിധിക്കപ്പെട്ടതോടെ ഭയാശങ്കകള്‍ക്ക് ആക്കംകൂടി. അയല്‍വാസിയോട് പറഞ്ഞിട്ട് കാര്യമില്ലെന്നും മനസ്സിലായി. അങ്ങനെയാണ് കോഴഞ്ചേരി താലൂക്ക് അദാലത് എന്ന വഴിയിലേക്ക് എത്തിയത്.
വിഷയം കേട്ടറിഞ്ഞതോടെ തത്സമയം പരിഹാരം നിര്‍ദേശിക്കുകയായിരുന്നു മന്ത്രി പി. രാജീവ്. നഗരസഭ സെക്രട്ടറിയുടെ ചുമതലയില്‍ രണ്ടാഴ്ചക്കുള്ളില്‍ മരങ്ങള്‍ വെട്ടിമാറ്റി തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ് നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.