അയ്യപ്പഭക്തരുടെ കാർ കത്തിനശിച്ചു: അഞ്ചുപേർ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsകോന്നി: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പഭക്തർ സഞ്ചരിച്ച കാർ കത്തിനശിച്ചു. അഞ്ച് അയ്യപ്പഭക്തർ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പുനലൂര്‍-പൊന്‍കുന്നം പാതയില്‍ അയ്യപ്പഭക്തർ സഞ്ചരിച്ച കാർ മതിലിൽ ഇടിച്ചു മറിഞ്ഞ് തീപിടിക്കുകയായിരുന്നു.
ഞായറാഴ്ച പുലർച്ച 2.45ഓടെയാണ് അപകടം. പത്തനാപുരം-കോന്നി റൂട്ടിൽ കലഞ്ഞൂർ ഇടത്തറമുക്കിലാണ് അപകടം. തെലങ്കാന സ്വദേശികളായ അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. പാതയോരത്ത് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി വാഹനം മതിലിൽ ഇടിച്ച് വശത്തേക്ക് മറിയുകയായിരുന്നു. അപകടത്തിൽ കാറിന്റെ ടയർ പൊട്ടിത്തെറിച്ചിരുന്നു. തുടർന്ന് കാറിന് തീ പിടിച്ചു.
ഡ്രൈവർ ഒഴികെ നാലുപേരും ഉറക്കത്തിലായിരുന്നു. അപകടം നടന്നയുടൻ ഡ്രൈവർ കാറിൽനിന്ന് ഇറങ്ങി പിറകിലത്തെ ഡോർ വഴി മറ്റ് നാലുപേരെയും രക്ഷപ്പെടുത്തി. തെലങ്കാന സ്വദേശികളായ ബഞ്ചല് റെഡി (33), മോഹന്‍കുമാര്‍ (32), സച്ചിന് നാരായണന് (38), രമേഷ് ബാബു (27), നാഗേന്ദ്ര ബാബു (46) എന്നിവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ പത്തനാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ മോഹന്‍കുമാറിന്റെ കാലിന് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടല്‍ പൊലീസും നാട്ടുകാരും തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ആവണീശ്വരം, കോന്നി എന്നിവിടങ്ങളില്‍നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. വാഹനം പൂർണമായും കത്തിനശിച്ചു. ആവണീശ്വരം ഫയര്‍ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസർ ഷാജിമോന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.