സി.ഡി.എസ് ഫണ്ട് തട്ടിപ്പ്; പരാതി നൽകാൻ പഞ്ചായത്ത് ഭരണസമിതി
text_fieldsതിരുവല്ല: നെടുമ്പ്രം പഞ്ചായത്തിൽ നടന്ന 69 ലക്ഷം രൂപയുടെ സി.ഡി.എസ് ഫണ്ട് തട്ടിപ്പിൽ പഞ്ചായത്ത് ഭരണസമിതി തിങ്കളാഴ്ച പുളിക്കീഴ് പൊലീസിൽ പരാതി നൽകും. പണാപഹരണം, വഞ്ചനക്കുറ്റം, വ്യാജരേഖ ചമയ്ക്കൽ എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചുമത്തി സി.ഡി.എസ് ചെയർപേഴ്സൻ പി.കെ. സുജ, അക്കൗണ്ടന്റ് എ. സീനാമോൾ, മുൻ വി.ഇ.ഒ വിൻസി എന്നിവർക്കെതിരെയാണ് പരാതി നൽകുന്നത്.
ശനിയാഴ്ച രാവിലെ നടന്ന പഞ്ചായത്ത് സമിതി യോഗത്തിന്റേതാണ് തീരുമാനം. കുടുംബശ്രീ ജില്ല മിഷൻ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. നടപടിയുടെ ഭാഗമായി സി.ഡി.എസ് ചെയർപേഴ്സൻ പി.കെ. സുജയെ സ്ഥാനത്തുനിന്ന് നീക്കാനും അക്കൗണ്ട് എ. സീനമോളെ സസ്പെൻഡ് ചെയ്യാനും വി.ഇ.ഒ വിൻസിക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും ജില്ല മിഷൻ കോഓഡിനേറ്റർ എസ്. ആദിലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമെടുത്തിരുന്നു. സംഭവത്തിൽ സി.പി.എം നേതാക്കൾക്കും പങ്ക് ഉള്ളതിനാൽ വിജിലൻസ് അന്വേഷണം അടക്കം ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളായ ബി.ജെ.പിയും കോൺഗ്രസും വരും ദിവസങ്ങളിൽ പഞ്ചായത്തിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.