വ്യാജമദ്യവും ലഹരി ഉപയോഗവും; അതിര്‍ത്തി ഗ്രാമങ്ങളില്‍ പരിശോധന കർശനമാക്കും
text_fieldsബോധവത്കരണം സംഘടിപ്പിക്കുമെന്നും എ.ഡി.എം
പത്തനംതിട്ട: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് വ്യാജമദ്യം, ലഹരിമരുന്ന് തുടങ്ങിയവയുടെ ഉപയോഗം തടയാൻ എക്സൈസ്, പൊലീസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ സഹകരിച്ച് പരിശോധന നടത്തുമെന്ന് അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് ബി. രാധാകൃഷ്ണന് പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ല വ്യാജമദ്യ നിയന്ത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പരിശോധന കര്‍ശനമാക്കും. അതിഥി തൊഴിലാളി ക്യാമ്പുകളില്‍ കൃത്യമായ ഇടവേളകളില്‍ എക്സൈസ്, പൊലീസ് വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ പരിശോധന നടത്തും.
ക്രിസ്മസ് അവധി ദിനങ്ങളോട് അനുബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന എൻ.എസ്.എസ് ക്യാമ്പുകളില്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും എ.ഡി.എം പറഞ്ഞു. വ്യാജമദ്യം, ലഹരിമരുന്ന് തുടങ്ങിയവയുടെ ഉപയോഗം തടയുന്നതുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.
ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ വി.എ. പ്രദീപ്, അസി. എക്സൈസ് കമീഷണര്‍ രാജീവ് ബി.നായര്‍, നാർകോട്ടിക് സെല്‍ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്, റാന്നി ഫോറസ്റ്റ് ഡിവിഷന് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ സി.പി. പ്രദീപ്, റാന്നി റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ. റെജി, അടൂര്‍ എക്സൈസ് സി.ഐ കെ.പി. മോഹന്‍, മല്ലപ്പള്ളി എക്സൈസ് സി.ഐ ഐ. നൗഷാദ്, ഡി.ഇ.ഒ പി.ആര്. ഷീലാകുമാരിയമ്മ, വിവിധ സന്നദ്ധ സംഘടന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.