പത്തനംതിട്ട ജില്ലയിൽ ലഹരി ഉപയോഗവും വ്യാപാരവും വ്യാപകം
text_fieldsഅടൂർ: ജില്ലയിൽ മാരക മയക്കുമരുന്നായ എം.ഡിഎം.എ അടക്കം ലഹരി വ്യാപാരം വ്യാപകമായിട്ടും പിടിക്കപ്പെടുന്നവരിൽ അന്വേഷണം ഒതുങ്ങുന്നു. ചെറിയ മാറ്റംവന്നാൽ പോലും മരണം സംഭവിക്കാവുന്ന സിന്തറ്റിക് ലഹരി വ്യാപാരം അടൂർ, കൊടുമൺ എന്നിവിടങ്ങളിലാണ് കൂടുതൽ പിടിമുറുക്കുന്നത്. ഇരകളിൽ ഏറെയും വിദ്യാർഥികളാണ്.കഴിഞ്ഞ ഒരുമാസത്തെ കേസ് രജിസ്റ്റർ പ്രകാരം ജില്ലയിൽ 20ന് മേൽ കേസുകളാണ് എടുത്തിട്ടുള്ളത്. സ്കൂൾ, കോളജ് വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് മയക്കുമരുന്ന് സംഘം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നത്.
എക്സൈസ് സ്പെഷൽ ടീം നടത്തിയ പരിശോധനയിൽ കഴിഞ്ഞദിവസം അടൂരിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് സിന്തറ്റിക് ലഹരിമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും പ്രായപൂർത്തിയാകാത്ത അഞ്ച് വിദ്യാർഥികൾക്കെതിരെ എക്സൈസ് കേസെടുത്തിരുന്നു.അടൂർ താലൂക്കിന്‍റെ പല ഭാഗങ്ങളിലായി നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എയുടെ വ്യാപക ഉപയോഗത്തെ സംബന്ധിച്ച് വിവരം ലഭിച്ചത്. തുടർന്ന് തട്ട പാറക്കര, തോലൂഴം അങ്ങാടിക്കൽ വടക്ക്, ഇടത്തിട്ട തുടങ്ങിയ പ്രദേശങ്ങളിൽ ഇത്തരത്തിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന കുട്ടികളെ കണ്ടെത്തുകയായിരുന്നു.
മേഖലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളാണിവർ. ഇവരെ കൂടുതൽ ചോദ്യംചെയ്തു വരികയാണ്. ഇവരുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. കുട്ടികളെ കൗൺസലിങ്ങിന് വിധേയമാക്കി.അടൂരിലെ അരഡസനിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഹൈസ്കൂൾ ജങ്ഷനിൽ കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തെ ഫ്ലാറ്റിൽനിന്ന് അടുത്തിടെയാണ് ലഹരിവിൽപന സംഘത്തെ എക്സൈസ് പിടികൂടിയത്. ജില്ലയുടെ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള ലഹരിമരുന്നിന്‍റെ ഉപയോഗം വ്യാപകമാകുന്നതായി അധികൃതർ പറയുന്നു. പ്രധാനമായും സ്കൂൾ, കോളജ് എന്നിവ കേന്ദ്രീകരിച്ചാണ് വിപണനം. കുട്ടികളുമായി ചങ്ങാത്തം കൂടുന്ന ഇക്കൂട്ടർ കുട്ടികൾക്ക് മൊബൈൽ ഫോണും ആവശ്യത്തിന് പണവും നൽകും.
തുടർന്ന് കുട്ടികളുടെ ബാഗിൽ മയക്കുമരുന്നുവെച്ച് നൽകും. ഇതിന് പ്രത്യേക കോഡുണ്ട്. ഇത് ഉപയോഗിക്കുന്നവർക്ക് എത്തിക്കുകയാണ് പതിവ്. കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽനിന്നാണ് ഇവിടേക്ക് കൂടുതലായി എം.ഡി.എം.എ എത്തുന്നത്.മയക്കുമരുന്നെത്തുന്ന പ്രധാന കേന്ദ്രം ചെന്നീർക്കരയാണ്. ആലപ്പുഴ സ്വദേശി മനോജിന്‍റെ നേതൃത്വത്തിലാണ് ഇവ കൊണ്ടുവരുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് കണ്ണൂർ, ചെന്നീർക്കര സ്വദേശികളായ അഞ്ചുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, മനോജ് ഒഡിഷയിലേക്ക് കടന്നെന്നാണ് അറിയുന്നത്.
കഞ്ചാവ് മാഫിയ സംഘങ്ങൾക്ക് ഒത്താശനൽകുന്നത് ചില രാഷ്ട്രീയ പാർട്ടി നേതാക്കളാണെന്ന് ആരോപണമുണ്ട്. ജില്ലയിൽ ഭരണകക്ഷി നേതാവിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന യുവാക്കളും മയക്കുമരുന്ന്-കഞ്ചാവ് വിൽപനയിലെ പ്രധാന കണ്ണികളാകുന്നത് അന്വേഷണത്തിന് തടസ്സമാകുന്നുണ്ട്.കഞ്ചാവുമായി എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി അംഗവും സി.പി.ഐ കൊടുമൺ ലോക്കൽ അസി. സെക്രട്ടറിയുമായ ജിതിൻ മോഹൻ അടൂർ എക്സൈസ് സംഘത്തിന്‍റെ പിടിയിലായതാണ് അവസാന സംഭവം.
ഇയാളിൽനിന്ന് 2.250 കിലോ കഞ്ചാവ് പിടിച്ചിരുന്നു. കേസിലെ ഒന്നാംപ്രതിയായ ഇയാൾ റിമാൻഡിലാണ്. എന്നാൽ, ഇയാളുടെ കൂടെയുണ്ടായിരുന്ന അനന്തുവിനെ ഇതുവരെ പിടിക്കാൻ എക്സൈസിന് കഴിഞ്ഞിട്ടില്ല.പൊലീസ്-എക്സൈസ് ഏകോപനത്തിലൂടെയുള്ള സൈബർ വിദഗ്ധരുടെ തുടർ അന്വേഷണം സാധാരണ നടക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.