പ്രതിസന്ധി മാറി ജൂലൈ 10ന് മുമ്പ് ഈറ്റവെട്ട് പുനരാരംഭിക്കും
text_fieldsകോന്നി: ജൂലൈ 10ന് മുമ്പ് ഈറ്റവെട്ട് പുനരാരംഭിക്കാൻ തീരുമാനമായി. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ വനം-റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, ബാംബൂ കോർപറേഷൻ ഭാരവാഹികൾ, തൊഴിലാളി യൂനിയൻ നേതാക്കൾ എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം.
കഴിഞ്ഞ അഞ്ചുമാസമായി ബാംബൂ കോർപറേഷൻ ഈറ്റ ശേഖരിച്ചിരുന്നില്ല. കോർപറേഷന്റെ ജി.എസ്.ടി പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ് ശേഖരണം മുടങ്ങിയത്. പിന്നീട് ക്ലോഷർ പിരീഡ് കാരണം വനംവകുപ്പ് ഈറ്റ ശേഖരണത്തിന് അനുമതി നൽകിയിരുന്നില്ല. ഈറ്റ ശേഖരണം നിലച്ചതോടെ റാന്നി, കോന്നി വനം ഡിവിഷനുകളിലായി നിരവധി തൊഴിലാളികൾ പ്രതിസന്ധിയിലായിരുന്നു. എം.എൽ.എ വനംമന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ബാംബൂ കോർപറേഷന് ക്ലോഷർ പിരീഡിൽ ഈറ്റ ശേഖരിക്കാൻ പ്രത്യേക അനുമതി നൽകി ഉത്തരവ് ലഭിച്ചു.
സർക്കാറിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് സതേൺ സർക്കിളിലെ കോന്നി, റാന്നി ഡിവിഷനുകളിൽനിന്ന് 1000 മെട്രിക് ടൺ ഈറ്റ ശേഖരിക്കാൻ യോഗം തീരുമാനിച്ചു. പെട്ടന്ന് ഈറ്റ ശേഖരണം ബാംബു കോർപറേഷൻ അവസാനിപ്പിച്ചതിന്റെ ഭാഗമായി തൊഴിലാളികൾ ശേഖരിച്ച 1500 കെട്ട് ഈറ്റയുടെ വെട്ടുകൂലി തൊഴിലാളികൾക്ക് നൽകാനും തീരുമാനമായി. തൊഴിലാകൾക്ക് കൂലി വർധന നടപ്പാക്കണമെന്ന തൊഴിലാളി യൂനിയന്റെ ആവശ്യത്തിൽ അടുത്ത ബോർഡ് യോഗത്തിൽ തീരുമാനം എടുക്കാം എന്ന് ചെയർമാൻ യോഗത്തെ അറിയിച്ചു.
കുടിശ്ശികയുള്ള ബോണസും ഡി.എയും ഓണത്തിന് മുമ്പ് വിതരണം ചെയ്യാനും ധാരണയായി. തൊഴിലാളികളുടെ ശമ്പളവും ആനുകൂല്യങ്ങളും ഇനിമുതൽ അവരുടെ ബാങ്ക് അക്കൗണ്ട് മുഖേന നൽകും. യോഗത്തിൽ ബാംബൂ കോർപറേഷൻ ചെയർമാൻ ടി.കെ. മോഹനൻ, എം.ഡി പി.എ. നജീബ്, കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ കോറി, തൊഴിലാളി യൂനിയൻ നേതാക്കളായ പി.ആർ. പ്രമോദ്, കെ.എൻ. സുഭാഷ്, സജി പ്ലാത്താനം, ശശിപിള്ള കുഴിമണ്ണിൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.