പുലിപ്പേടി ഒഴിയാതെ ഇഞ്ചപ്പാറ
text_fieldsകോന്നി: പുലിക്കൂട്ടം മൂരിക്കിടാവിനെ ആക്രമിച്ചുകൊന്ന കൂടൽ ഇഞ്ചപ്പാറയിൽ കൂട് സ്ഥാപിച്ചിട്ടും നാട്ടുകാരുടെ ഭീതി ഒഴിയുന്നില്ല. കഴിഞ്ഞദിവസം രാത്രി ഒൻപത് മണിയോടെ പുലി ഇഞ്ചപ്പാറ ഭാഗത്ത് സംസ്ഥാനപാത മുറിച്ചുകടന്ന് പോകുന്നത് കണ്ടതായി നാട്ടുകാർ പറയുന്നു.
തിങ്കളാഴ്ച പുലിയെ പിടികൂടുവാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചുവെങ്കിലും കൂടിനുള്ളിൽ ഇരയെ ഇട്ടിരുന്നില്ല. വനം വകുപ്പ് ഉന്നത അധികാരികളുടെ അനുമതി ലഭിക്കാത്തതിനാലാണ് ഇരയെ കൂട്ടിൽ ഇടാത്തത് എന്നായിരുന്നു വനം വകുപ്പ് അധികൃതരുടെ മറുപടി.
എന്നാൽ, കഴിഞ്ഞദിവസം കൂടിനുള്ളിൽ ആടിനെ ഇരയായികെട്ടിയിട്ടിരുന്നു. എന്നാൽ, പിന്നീട് ഈ ഭാഗത്ത് പുലി എത്തിയിട്ടില്ലെന്ന് വനം വകുപ്പ് പറയുന്നു. അതേസമയം കഴിഞ്ഞ ദിവസം രാത്രിയിൽ സംസ്ഥാനപാത മുറിച്ചുകടന്ന് പുലി പോകുന്നത് കണ്ടതായി നാട്ടുകാരും പറയുന്നു.
ഇഞ്ചപ്പാറ മഠത്തിലേത്ത് വീട്ടിൽ ബാബുവിന്റ ഒന്നര വയസ്സുള്ള മൂരിക്കിടാവിനെ പുലിക്കൂട്ടം ഭക്ഷിച്ചതായി വീട്ടുകാർ പറയുന്നു. കിടാവിന്റെ പകുതിയിലേറെ ഭാഗം ഭക്ഷിച്ചിട്ടുണ്ട്. സ്ഥലത്ത് കാമറ സ്ഥാപിച്ചിട്ടും പുലിയുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുമില്ല. മൂരിക്കിടാവിനെ ആക്രമിച്ച് കൊന്നത് പുലി ആണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല എന്ന നിലപാടിലാണ് വനം വകുപ്പ് അധികൃതർ.
എന്നാൽ, കഴിഞ്ഞ ദിവസം സംസ്ഥാന പാത മുറിച്ച് കടന്ന് പുലി പോകുന്നത് കണ്ടു എന്ന് നാട്ടുകാർ തന്നെ സാക്ഷ്യപെടുത്തിയതോടെ പ്രദേശവാസികളുടെ ഭീതി പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്. ഒന്നര വർഷം മുമ്പ് മഠത്തിലേത്ത് വീട്ടിൽ ബാബുവിന്റെ സഹോദരൻ ജോസിന്റെ ആടിനെയും പുലി പിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.