കോന്നി കരിയാട്ടം സമാപിച്ചു
text_fieldsകോന്നി: കഴിഞ്ഞ 15 ദിവസമായി കോന്നിയെ ഇളക്കിമറിച്ച ആഘോഷരാവായ കരിയാട്ടത്തിന് തിരശ്ശീല വീണു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് കരിയാട്ട ഘോഷയാത്രയോടെയാണ് സമാപിച്ചത്. എറണാകുളം നെല്ലൂരിൽ തയാറാക്കിയ 222 ആനവേഷങ്ങൾ ഞായറാഴ്ച പുലർച്ചയോടെ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചു. തുടർന്ന് അവസാന മിനുക്കുപണികൾ നടത്തി ഉച്ചയോടെ ട്രയൽ റണ്ണും തുടങ്ങി. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നും സ്ത്രീകളും പുരുഷന്മാരും അടക്കം ഇരുന്നൂറിലധികം പേർ ഇൻഡോർ സ്റ്റേഡിയത്തിൽ കരിയാട്ടത്തിന്റെ ഭാഗമായി ആനവേഷം ധരിക്കാനെത്തി. ഈസമയം കൊല്ലം, കോട്ടയം ജില്ലകളിൽനിന്നുള്ള കരിവീരന്മാരെ കോന്നി ആനത്താവളത്തിലെത്തിച്ചു. ഉച്ചക്ക് രണ്ടോടെ 11 ആനകളെയും കുളിപ്പിച്ച് ഘോഷയാത്ര ആരംഭിക്കുന്ന മാമൂട് ജങ്ഷനിലേക്ക് കൊണ്ടുപോയി. വൻ ജനക്കൂട്ടമാണ് റോഡിന്റെ ഇരുവശവും തമ്പടിച്ചത്. കോന്നിയിലൂടെ കടന്നുപോകുന്ന പുനലൂർ-മൂവാറ്റുപുഴ ദേശീയപാതയിലും ഉപപാതകളിലും മണിക്കൂറുകൾ ഗതാഗത തടസ്സം അനുഭവപ്പെട്ടു.
കരിയാട്ട കൊമ്പന്മാർ
കരിയാട്ടത്തിന്റെ സമാപന ദിവസം കോരിച്ചോരിയുന്ന മഴയും താണ്ടി മുന്നേറിയ ഘോഷയാത്രയിൽ കരിവീരൻമാരുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. ആയിരങ്ങളാണ് ആനകളെ കാണാൻ വീഥികളിൽ തടിച്ചുകൂടിയത്. കോട്ടയം, കൊല്ലം ജില്ലകളിൽനിന്നായി സ്വകാര്യ വ്യക്തികളുടെ തലയെടുപ്പുള്ള 12 ആനകളാണ് ഞായറാഴ്ച പങ്കെടുത്തത്. പുതുപ്പള്ളി സാധു, പീച്ചി രാജീവ്, നെടുമങ്ങാവ് മണികണ്ഠൻ, അമ്പാടി മഹാദേവൻ, പനക്കൽ നീലകണ്ഠൻ, തോട്ടക്കാട് കണ്ണൻ, തോട്ടക്കാട് രാജശേഖരൻ, കല്ലുത്താഴം ശിവസുന്ദരർ, വേണാട്ട് മറ്റം ഗോപാലൻ കുട്ടി, പുത്തൻകുളം അർജുനൻ എന്നീ കൊമ്പൻമാർക്കൊപ്പം അതിലും തലയെടുപ്പോടെ വേണാട്ടുമറ്റം കല്യാണി എന്ന പിടിയാനയും പങ്കെടുക്കുന്നുണ്ട്. തൃശൂർ പുലികളിക്ക് സമാനമായി ചരിത്രത്തിൽ ആദ്യമായി ആനയെ കേന്ദ്രകഥാപാത്രമാക്കി കോന്നിയിൽനിന്ന് രൂപം കൊള്ളുന്ന പുതിയ കലാരൂപമാണ് കോന്നി കരിയാട്ടം. നൂറ്റാണ്ടുകൾ പഴക്കമുള്ള കോന്നിയൂരിന്റെ ചരിത്രവും പൈതൃകവുമാണ് കരിയാട്ടത്തിലൂടെ പുനർജനിച്ചത്.
പുലിവേഷധാരികൾ മഴയത്ത് പെട്ടു
ഇറങ്ങിയ സ്ഥലം അറിയാതെ ആന വേഷധാരികൾ നട്ടം തിരിഞ്ഞു. അപ്രതീക്ഷിതമായി പെയ്ത കനത്തമഴയിൽ ആന വേഷധാരികൾ പലരും നനഞ്ഞ് കുതിർന്നു. സ്പോഞ്ച് കൊണ്ട് ഉണ്ടാക്കിയ ആനയുടെ വേഷത്തിൽ വെള്ളം നിറഞ്ഞതോടെ ആന വേഷക്കാർ റോഡിൽ കുഴഞ്ഞുവീഴുന്നതും കാണാമായിരുന്നു. ഉയരം കുറഞ്ഞ ആളുകളും ആന വേഷധാരികളായി അണിനിരന്നത് മൂലം പലരും ആനയുടെ കാൽ ഭാഗത്ത് കുരുങ്ങി വീണിരുന്നു. പ്രായമായ സ്ത്രീകൾ അടക്കം ആന വേഷത്തിൽ ഉണ്ടായിരുന്നതിനാൽ വീണുപോയ പലരെയും സ്ഥലത്തുനിന്ന് മാറ്റേണ്ടി വന്നു.
കനത്ത മഴ അവഗണിച്ച് ഘോഷയാത്ര
കോരിച്ചൊരിയുന്ന കനത്ത മഴയെ അവഗണിച്ച് കരിയാട്ടത്തിന്റെ സമാപന ഘോഷയാത്രയിൽ പതിനായിരങ്ങൾ അണിനിരന്നു. കോന്നി മാമ്മൂട്ടിൽനിന്ന് ആരംഭിച്ച ഘോഷയാത്രയിൽ ആനവേഷധാരികളായ 222 കലാകാരന്മാരും കൂടാതെ കൊല്ലം, കോട്ടയം ജില്ലകളിൽനിന്നുള്ള 11 ഗജവീരന്മാരുമാണ് അണിനിരന്നത്. കരിയാട്ടം സമാപന സമ്മേളനം വനം മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആനക്കമ്പം ടൂറിസം രംഗത്ത് പുതിയ പരീക്ഷണമാണെന്നും അത് വൻ വിജയമായിത്തീർന്നെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ.എൻ. ബാലഗോപാൽ, കെ.യു. ജനീഷ്കുമാർ എം.എൽ.എ, നടി ഭാമ, സീരിയൽ നടൻ അൽസാബിത്, കോന്നി പഞ്ചായത്ത് പ്രസിഡന്റ് ആനി സാബു, മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പ്രീജ പി. നായർ, കലഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി, സുരേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.കോന്നി കരിയാട്ടം സമാപിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.