കെ.എസ്.ആർ.ടി.സി; കോന്നി ഡിപ്പോ നിർമാണം ആഗസ്റ്റിൽ പൂർത്തിയാകും
text_fieldsകോന്നി: കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമാണം ആഗസ്റ്റിൽ പൂർത്തീകരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 2.45 കോടിയാണ് ചെലവഴിക്കുന്നത്.
ഡിപ്പോയിൽ വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമാക്കൽ, ബസ് ബേ നിർമാണം, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ, ഗാരേജ്, ഓഫിസ് എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യമൊരുക്കൽ എന്നിവയുമായി ബന്ധപ്പെട്ട ജോലികളാണ് പുരോഗമിക്കുന്നത്. ഇതിനായി എം.എൽ.എ നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ഗതാഗത മന്ത്രി ഒരുകോടി രൂപ അനുവദിച്ചിരുന്നു. ആദ്യഘട്ടത്തിൽ അനുവദിച്ച 1.45 കോടി ഉപയോഗിച്ചുള്ള യാർഡ് നിർമാണം അന്തിമഘട്ടത്തിലാണ്. ശുചിമുറിയും മറ്റ് അടിസ്ഥാന സൗകര്യമൊരുക്കലിനും എം.എൽ.എ ഫണ്ടിൽനിന്ന് തുക അനുവദിക്കും. സ്റ്റാൻഡിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കാൻ എം.എൽ.എ ഫണ്ടിൽനിന്ന് 22.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
കെ.എസ്.ആർ.ടി.സി എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ എച്ച്.എൽ.എല്ലിനാണ് നിർമാണ ചുമതല. 10 വർഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കിഴക്കൻ മലയോരത്തിന്റെ ചിരകാല സ്വപ്നമായ കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ യാഥാർഥ്യമാകുന്നത്. 2013 മുതൽ തടസ്സപ്പെട്ട് കിടക്കുന്ന പദ്ധതി ജനീഷ്കുമാർ എം.എൽ.എയുടെ ഇടപെടലോടെയാണ് വീണ്ടും സജ്ജീവമായത്. 2.41 ഏക്കർ സ്ഥലത്താണ് എല്ലാ സൗകര്യങ്ങളോടും കൂടിയ ഡിപ്പോ നിർമാണം പുരോഗമിക്കുന്നത്. കോന്നി ഡിപ്പോ യാഥാർഥ്യമാകുന്നതോടെ ദീർഘദൂര സർവിസ് ഉൾപ്പെടെ കിഴക്കൻ മലയോര മേഖലയുടെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും. നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിലാണ് പുരോഗമിക്കുന്നതെന്നും രണ്ട് മാസത്തിനുള്ളിൽ പണി പൂർത്തീകരിച്ച് ഡിപ്പോ തുറന്ന് നൽകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും നിർമാണം വിലയിരുത്താനെത്തിയ കെ.യു. ജനീഷ്കുമാർ എം.എൽ.എ പറഞ്ഞു.
കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർ ചന്ദ്രബാബു, എക്സിക്യൂട്ടിവ് എൻജിനീയർ ബാലവിനായകൻ, ജില്ല ഓഫിസർ തോമസ് മാത്യു, എച്ച്.എൽ.എൽ പ്രോജക്ട് മാനേജർ അജിത്, അസി. എൻജിനീയർ ഗൗതം എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.