പണം ലഭിച്ചില്ല; കനിവുകാത്ത് കരിയാട്ടം അമ്യൂസ്മെന്റ് പാർക്ക് നടത്തിപ്പുകാർ
text_fieldsകോന്നി: കരിയാട്ടം എക്സ്പോയിൽ അമ്യൂസ്മെന്റ് പാർക്കുകൾക്ക് പണം നൽകാതെ ഇടനിലക്കാർ മുങ്ങിയതോടെ 13 ദിവസമായി കരിയാട്ടം നടന്ന ചളിക്കുഴിയിൽ ജീവിതം തള്ളിനീക്കുകയാണ് കുട്ടികളടക്കം 25 പേർ. അഡ്വ. കെ.യു. ജനീഷ്കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ കോന്നി നഗരത്തിൽ ഓണക്കാലത്ത് നടന്നുവന്ന കരിയാട്ടം എക്സ്പോയിൽ അമ്യൂസ്മെന്റ് പാർക്ക് നടത്തിയ നടത്തിപ്പുകാർക്ക് കരാറുകാരൻ പണം നൽകാതെ പറ്റിച്ചെന്ന പരാതിയാണ് ഉയരുന്നത്.
പണം ലഭിക്കാതെ വന്നതോടെ ദിവസങ്ങളായി പരിപാടി സ്ഥലത്ത് കഴിയുന്ന സംഘത്തെ ആരും തിരിഞ്ഞ് നോക്കാനില്ലാതെയായി. അഞ്ചു ലക്ഷം രൂപയോളമാണ് നടത്തിപ്പുകാർക്ക് നൽകേണ്ടിയിരുന്നത്. ഇതിൽ 1,70,000 രൂപ നൽകി. ബാക്കി 3,40,000 രൂപ നൽകാതെ കരാറുകാരൻ പറ്റിച്ചെന്നാണ് ഇവരുടെ പരാതി. നെടുമങ്ങാട് സ്വദേശി വിമൽ എന്ന ആളുമായാണ് കോന്നി കരിയാട്ടം സംഘാടക സമിതി കരാർ ഉറപ്പിച്ചത്. കരാർ പ്രകാരം 15 ദിവസം ലക്ഷക്കണക്കിനു രൂപ കരാറുകാരൻ സംഘാടക സമിതിക്ക് നൽകിയിരുന്നു.
ആദ്യ കരാറുകാരൻ വിമൽ മുഖേന മലപ്പുറം തിരൂർ സ്വദേശി കുഞ്ഞാപ്പ എന്ന ആളാണ് ഇവർക്ക് പണം നൽകേണ്ടത്. എന്നാൽ, പരിപാടി കഴിഞ്ഞത് മുതൽ കുഞ്ഞാപ്പയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ഇവർ പറയുന്നു. എന്നാൽ, ഇവരുമായി ഒരു ബന്ധവും സംഘാടക സമിതിക്കില്ലെന്നും കരാറുകാരന് പണം നൽകി എന്നുമാണ് സംഘാടക സമിതിയുടെ വാദം. കലാകാരന്മാരുടെ അഞ്ച് കുടുംബത്തിൽനിന്നായി കുട്ടികൾ അടക്കമുള്ള 25 പേരാണ് ഇപ്പോൾ ദുരിതത്തിൽ ആയത്. പണം നൽകാൻ ആരും തയാറാകാതെ വന്നതോടെ കോന്നിയിലെ നിർമാണം നടക്കുന്ന കെ.എസ്.ആർ.ടി.സി യാർഡിൽ ചളിക്കുഴിയിൽ കഴിയുകയാണ് സംഘം.
കഴിഞ്ഞ ദിവസം രാത്രിയിലും താമസിക്കുന്ന സ്ഥലത്ത് ഇഴജന്തുക്കൾ കയറിയതായും ഇവർ പറയുന്നു. 13 ലക്ഷത്തോളം രൂപയാണ് കോന്നി കരിയാട്ടത്തിൽ അമ്യൂസ്മെന്റ് പാർക്ക് വഴി ലഭിച്ചതെന്ന് പറയുന്നു. 15 വർഷമായി ഈ മേഖലയിൽ ജോലി നോക്കുന്നവരാണിവർ. കേരളത്തിന് അകത്തും പുറത്തുമായി നിരവധി സ്ഥലങ്ങളിൽ പാർക്ക് നടത്തിയിട്ടും ആദ്യമാണ് ഇത്തരത്തിൽ ഒരു അനുഭവമെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.