ജനം ഭീതിയിൽ; മലയോര മേഖലകളിൽ കാട്ടാന ശല്യം അതിരൂക്ഷം
text_fieldsകോന്നി: മലയോര മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. തണ്ണിത്തോട്, തേക്കുതോട്, പൂച്ചക്കുളം, കല്ലേലി, കൊക്കാത്തോട് തുടങ്ങി നിരവധി ഭാഗങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായത്. കാടിറങ്ങിയെത്തുന്ന കാട്ടാന കൂട്ടം കൃഷിയിടങ്ങൾ പലതും നശിപ്പിച്ചാണ് കാട് കയറുക. തേക്കുതോട് മൂർത്തിമണ്ണിൽ കഴിഞ്ഞ ദിവസമാണ് കാട്ടാന ആക്രമണത്തിൽ വീട് നശിച്ചത്. തുടർന്ന് പല തവണ ഇവിടെ കാട്ടാനകൾ ജനവാസ മേഖലയിൽ ഇറങ്ങുകയും ചെയ്തു. പൂച്ചക്കുളത്തും സ്ഥിതി വ്യത്യസ്തമല്ല. കാട്ടാന ശല്യത്തെ തുടർന്ന് ജീവിതം വഴിമുട്ടിയതോടെ നിരവധി ആളുകൾ ആണ് ഇവിടെനിന്ന് താമസം മാറിയത്. അനാഥമായ നിരവധി വീടുകളും ഇവിടെ കാണാൻ കഴിയും. കല്ലേലി എസ്റ്റേറ്റ് ഭാഗത്തും നിരവധി തവണ കാട്ടാന ആക്രമണമുണ്ടായി. പലതവണയും തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
വനാതിർത്തികളിൽ സ്ഥാപിച്ച സൗരോർജ വേലികൾ പലതും പ്രവർത്തനക്ഷമമല്ലാത്തതാണ് കാട്ടാനകൾ കൂട്ടത്തോടെ നാട്ടിൽ ഇറങ്ങാൻ പ്രധാന കാരണമെന്ന് ജനങ്ങൾ പറയുന്നു. ഒരിക്കൽ സ്ഥാപിച്ച സൗരോർജ വേലികളുടെ അറ്റകുറ്റപണികൾ യഥാസമയത്ത് നടത്താത്തതും പ്രതിസന്ധി തീർക്കുന്നു. വനാതിർത്തികളിലെ പല കൃഷിയിടങ്ങളിലും നിരവധി തെങ്ങും കവുങ്ങുകളുമാണ് കാട്ടാനയുടെ ആക്രമണത്തിൽ നശിച്ചത്. ഇവക്ക് തക്കതായ നഷ്ട്ടപരിഹാരം ലഭിക്കാറില്ല എന്നും കർഷകർ പറയുന്നു. കാട്ടാന ശല്യം വർധിച്ചതോടെ കൃഷി ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് കർഷകർ. വർധിച്ച് വരുന്ന വേനൽ ചൂടിൽ വനത്തിനുള്ളിൽ നീരുറവകൾ ഇല്ലാതെ വന്നതും കാട്ടാനകളും മറ്റ് വന്യ മൃഗങ്ങളും നാട്ടിൽ ഇറങ്ങുന്നതിന് കാരണമാകുന്നുണ്ട്. വനാതിർത്തികളിൽ വലിയ കിടങ്ങുകൾ കുഴിച്ചോ സൗരോർജ വേലികൾ തീർത്തോ സംരക്ഷണം നൽകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.