പന്തളത്തെ വിവാദ ലോഡ്ജ് പൂട്ടും; തൊഴിലാളികളെ ഒഴിപ്പിക്കും
text_fieldsപന്തളം: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിരുന്ന ലോഡ്ജ് അടച്ചുപൂട്ടാൻ പന്തളം നഗരസഭ നോട്ടീസ് നൽകി. ഇവിടെ താമസിക്കുന്ന അന്തർസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവരെ 15 ദിവസത്തിനകം ഒഴിപ്പിക്കണമെന്നും കെട്ടിട ഉടമക്ക് നിർദേശം നൽകി. പന്തളം കടക്കാട് തെക്ക് പടിപ്പുര തുണ്ട് മുസ്ലിം പള്ളിക്ക് മുന്നിൽ പ്രവർത്തിക്കുന്ന ലോഡ്ജിനെതിരെ നഗരസഭയെ സമീപിച്ച സമീപവാസികൾക്കും നോട്ടീസിന്റെ പകർപ്പ് കൈമാറിയിട്ടുണ്ട്.
ഇവിടെ പ്രവർത്തിച്ചിരുന്ന അംഗൻവാടി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാനും തീരുമാനമായി. ആവശ്യമായ മലിനീകരണ സംവിധാനമില്ലാതെ പ്രവർത്തിച്ച ലോഡ്ജിനെതിരെ നാട്ടുകാരുടെ പരാതിയിൽ മുൻ കലക്ടർ നടപടിയെടുത്ത് പൂട്ടിച്ചിരുന്നു. പിന്നീട് ഉടമ ലോഡ്ജ് തുറന്നുപ്രവർത്തിപ്പിക്കുകയായിരുന്നു. ഇരുനില കെട്ടിടത്തിലായി മുപ്പതോളം മുറികളിൽ 200ഓളം അന്തർസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. മലിനീകരണ സംവിധാനങ്ങൾ ഇല്ലാതെ ഇവർ കൂട്ടത്തോടെ താമസിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി പരിസരവാസികൾ സംഘടിച്ചിരുന്നു. കലക്ടർ, നഗരസഭ അധികൃതർ, മാലിന്യ സംസ്കരണ വിഭാഗം മേധാവി എന്നിവർക്ക് കൂട്ട പരാതിയും നൽകി. കെട്ടിട പരിസരത്ത് മാലിന്യക്കൂമ്പാരവും രൂപപ്പെട്ടിട്ടുണ്ട്.
കിണറുകളിൽ കക്കൂസ് മാലിന്യം കലരുന്നുവെന്ന പരാതിയും ഉയർത്തിയിരുന്നു. കഴിഞ്ഞദിവസം ലോഡ്ജിലെ മലിനജലത്തെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമീഷനും ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.