വേനൽച്ചൂടിൽ കണ്ണീരുവറ്റി കർഷകർ
text_fieldsപന്തളം: കാലാവസ്ഥാ പ്രവചനങ്ങളും കണക്കുകൂട്ടലുകലും തെറ്റിച്ച് വേനൽ ശക്തിപ്രാപിക്കുമ്പോൾ കൃഷിയിടങ്ങൾ ഈർപ്പംപോലും നഷ്ടപ്പെട്ട് വിണ്ടുകീറിക്കഴിഞ്ഞു. പരമ്പാരാഗത രീതിയിൽ വേനൽമഴ പ്രതീക്ഷിച്ച് പാടത്തും പറമ്പിലുമായി വാഴയും പച്ചക്കറിയിനങ്ങളും കൃഷിചെയ്ത കർഷകരാണ് കനാൽ വെള്ളംപോലും കിട്ടാതെ വിഷമിക്കുന്നത്. കിഴക്കൻ പ്രദേശങ്ങളിൽപ്പോലും ഇത്തവണ മഴ ലഭികക്കാതിരുന്നതുകാരണം അച്ചൻകോവിലാറും വറ്റിത്തുടങ്ങി.
വാഴ, വെറ്റിക്കൊടി, കുരുമുളക് കൃഷി എന്നിവയെയാണ് വരൾച്ച കൂടുതലായി ബാധിച്ചിട്ടുള്ളത്. പാടത്തേക്ക് വെള്ളം എത്തുന്ന തോടുകളും ചെറിയ കുളങ്ങളും വറ്റിപ്പോയതാണ് വെറ്റില കർഷകർക്ക് വിനയായത്. പാടത്ത് ചെളി കോരിവെച്ച് വാഴ കൃഷി ചെയ്ത കർഷകർക്കും തോട്ടിൽ നിന്നുള്ള വെള്ളമായിരുന്നു ആശ്രയം.
പന്തളത്തെ പ്രധാന കൃഷിയിടങ്ങളായ, പൂഴിക്കാട്, കുരമ്പാല, പെരുമ്പുളിക്കൽ, മുടിയൂർക്കോണം, മങ്ങാരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വ്യാപകമായി കൃഷി കരിഞ്ഞുണങ്ങിപ്പോയി. കരിങ്ങാലി വലിയതോട്, മാവര വലിയതോട് എന്നിവ വറ്റിയതും തോട്ടിലെ ഷട്ടറുകൾ ഉപയോഗശൂന്യമായതും കല്ലട ജലസേചന പദ്ധതിയുടെ കനാലിൽ നിന്നും വെള്ളം എപ്പോഴും ലഭിക്കാത്തതുമെല്ലാം കർഷകരെ ബുദ്ധിമുട്ടിക്കുന്ന പ്രശ്നങ്ങളാണ്.
വരൾച്ച കൂടുതലായി ബാധിച്ചിട്ടുള്ളത് വാഴകൃഷിയേയാണ്. പിണ്ടിയിലെ ജലാംശം നഷ്ടപ്പെട്ടുതുടങ്ങിയതോടെ കുടം വന്നതും കുല വിരിഞ്ഞതുമായ വാഴകൾ നിലംപൊത്തിത്തുടങ്ങി. കയറുപയോഗിച്ച് കെട്ടിയും മുളകൊണ്ട് താങ്ങുകൊടുത്തും നിർത്തിയിട്ടും ചൂട് താങ്ങാനാകാത്തതിനാൽ പിണ്ടി ഒടിഞ്ഞ് വീഴുകയാണ്. അടുത്തമാസം അവസാനത്തോടെ വിളവെടുക്കാൻ പാകമായ പൂഴിക്കാട് ഹരിഹരജവിലാസത്തിൽ ചന്ദ്രൻ ഉണ്ണിത്താന്റെ 300 വാഴകളിൽ 125 എണ്ണവും മുകൾ ഭാഗം ഒടിഞ്ഞുവീണ നിലയിലാണ്.
ഇതുവരെ ഒരു ലക്ഷം രൂപയോളം നഷ്ടം വന്നതായി അദ്ദേഹം പറഞ്ഞു. പത്ത് കിലോയിലധികം തൂക്കം വരുന്നതായിരുന്നു വാഴക്കുലകൾ. മങ്ങാരം തൂവേലിൽ എൻ.ആർ.കേരളവർമയുടെ അൻപതിലധികം വാഴകളും ചൂടേറ്റു നിലംപൊത്തി. മുടങ്ങാതെ വെള്ളമൊഴിച്ചിട്ടും കടുത്ത ചൂടേറ്റ് പിണ്ടിക്ക് ബലക്ഷയമുണ്ടാകുന്നതാണ് പ്രതിസന്ധിയാകുന്നതെന്ന് കർഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.