ഉപയോഗശൂന്യമായ ഭക്ഷ്യക്കിറ്റ് അതിദരിദ്രർക്ക് നൽകാൻ നീക്കം
text_fieldsപന്തളം: ഉപയോഗശൂന്യമായ ഭക്ഷ്യക്കിറ്റുകൾ മറ്റൊരു കവറിലാക്കി അതിദരിദ്രരായ ഉപഭോക്താക്കൾക്ക് നൽകാൻ നീക്കം. നഗരസഭയിൽ ഇതിനുള്ള ശ്രമം നടക്കുന്നതായ ഞെട്ടിപ്പിക്കുന്ന തെളിവുകൾ പുറത്ത്. അതിദരിദ്രർക്ക് നൽകാൻ നഗരസഭ വാങ്ങിയ ഭക്ഷ്യക്കിറ്റ് യഥാസമയം വിതരണം ചെയ്യാത്തതിനെ തുടർന്ന് നശിച്ചിരുന്നു.
പന്തളം ബ്ലോക്ക് ഓഫിസിന് സമീപത്തെ മുറിയിൽവെച്ചിരുന്ന അമ്പതിലധികം കിറ്റുകളാണ് പൊട്ടി നശിച്ചനിലയിൽ ബുധനാഴ്ച നഗരസഭ പ്രതിപക്ഷ കൗൺസിലർമാർ കണ്ടെത്തിയത്. ധാന്യങ്ങളും പൊടികളും തേയിലയും എല്ലാം അടങ്ങുന്നതാണ് കിറ്റ്. ഓണക്കാലത്ത് നൽകേണ്ടതായിരുന്നു ഇവയെന്ന് പറയുന്നു.
നഗരസഭ ആരോഗ്യവിഭാഗത്തിനാണ് കിറ്റ് വിതരണത്തിന്റെ ചുമതല. വിവാദമായതോടെ കിറ്റുകൾ സൂക്ഷിച്ചിരുന്ന മുറി പൂട്ടിയശേഷം ഉദ്യോഗസ്ഥർ മടങ്ങിയിരുന്നു. ശനിയാഴ്ച രാവിലെ പത്തരയോടെ മുറി തുറന്നു ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ശുചീകരണ തൊഴിലാളികൾ പുതിയ കവറിലേക്ക് ഭക്ഷ്യസാധനങ്ങൾ മാറ്റുകയായിരുന്നു. സംഭവം അറിഞ്ഞ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നെങ്കിലും പ്രതിഷേധം കണക്കിലെടുക്കാതെ കിറ്റുകൾ പുതിയ കവറിൽ ആക്കുകയായിരുന്നു.
152 അതിദരിദ്രർ പന്തളം നഗരസഭയിലുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവരിൽ ചിലർ എത്തിയിരുന്നതായും എന്നാൽ, കിറ്റ് എത്തിയിട്ടില്ലെന്ന് കാരണം പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. സംഭവത്തിൽ നഗരസഭക്ക് ഗുരുതര വീഴ്ചയുണ്ടായതാണ് പ്രതിപക്ഷ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.