ഓണത്തിമിർപ്പിൽ ജാഗ്രത മറക്കരുത്
text_fieldsപന്തളം: നാടാകെ ഓണാഘോഷ തിമിർപ്പിലാണ്. വിവിധ ക്ലബുകളും സാംസ്കാരിക സംഘടനകളും ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങൾ നടക്കുമ്പോഴും ആൾപ്പാർപ്പില്ലാത്ത വീടുകൾ നോട്ടമിട്ട് മോഷ്ടാക്കൾ രംഗത്തുണ്ടെന്നാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച റിപ്പോർട്ട്.
ഓണക്കാലത്ത് അവധി ദിവസങ്ങളിൽ വീട് അടച്ചിട്ട് ബന്ധുവീട്ടുകളിലും മറ്റും പോകുന്നവർ ശ്രദ്ധിക്കുക, ദിവസങ്ങളോളം ആൾപ്പാർപ്പില്ലാത്ത വീടുകൾ നോട്ടമിട്ട് മോഷ്ടാക്കളുണ്ട്. വീട് അടച്ചിട്ട് പോകുമ്പോൾ അൽപം ശ്രദ്ധിച്ചാൽ മോഷണം ഒഴിവാക്കാം. ഒരാഴ്ചയോളം വീട് പൂട്ടിയിട്ട് പോകുകയാണെങ്കിൽ ആൾത്തമസമില്ലെന്ന് പുറത്തുള്ളവർക്ക് മനസ്സിലാകുന്ന അടയാളങ്ങൾ ഒഴിവാക്കണം.വീടിനു പുറത്തെ ലൈറ്റുകൾ പകൽ തെളിഞ്ഞുകിടക്കുക, മുറ്റത്ത് ഇലകൾ കൂടിക്കിടക്കുക തുടങ്ങിയവ ഒഴിവാക്കാൻ ശ്രദ്ധിക്കണം. എല്ലാ ദിവസവും ഏതെങ്കിലും സമയത്ത് വീട് ശ്രദ്ധിക്കാൻ അയൽക്കാരോട് പറയാം. മോഷണം നടന്നാൽ അടുത്ത ദിവസംതന്നെ അറിയാൻ ഇത് ഉപകരിക്കും. വീടുകളിൽ സി.സി ടി.വി കാമറ സ്ഥാപിക്കാം. വിദൂരത്തുനിന്ന് വീട് നിരീക്ഷിക്കാൻ ഇതിലൂടെ കഴിയും. കമ്പി, പാര, വെട്ടുകത്തി പോലെ വാതിൽ വെട്ടിപ്പൊളിക്കാനും ആക്രമിക്കാനും ഉപയോഗിക്കുന്ന ഉപകരണങ്ങൾ, ഏണി, കയർ പോലെ വീടിന്റെ മുകളിലേക്ക് കയറാൻ ഉപകരിക്കുന്നവ തുടങ്ങിയവ വീടിനു പുറത്ത് ഒരുകാരണവശാലും വെക്കരുത്. തുടർച്ചയായി വീട് പൂട്ടിയിട്ട് പോകുന്നവർ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുക. എമർജൻസി നമ്പറായ 112ന്റെ സേവനം ഉപയോഗിക്കാം.വീട് പൂട്ടിയിട്ട് പോകുന്ന കാര്യം പൊലീസിന്റെ ആപ്പായ പൊൽ ആപ് വഴിയും പൊലീസിനെ അറിയിക്കാം. ബാങ്കുകൾ, വാണിജ്യ സ്ഥാപനങ്ങൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ, ബിവറേജസ് ഔട്ട്ലറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് മോഷണം നടക്കാൻ സാധ്യതയുള്ളതിനാൽ അത്തരം സ്ഥാപനങ്ങളിലെ സുരക്ഷ, സ്ഥാപന അധികാരികൾ പൊലീസുമായി ചർച്ച ചെയ്യണം. ഇവിടങ്ങളിൽ സി.സി ടി.വി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.