വാൻ ഇല്ലെങ്കിലും വാൻ ഫീസ് നൽകണം;സർക്കാർ നഴ്സിങ് കോളജിൽ പിടിച്ചുപറി
text_fieldsപത്തനംതിട്ട: സർക്കാർ നഴ്സിങ് കോളജിന് സ്വന്തമായി കോളജ് വാൻ ഇല്ലെങ്കിലും വിദ്യാർഥികൾ വാൻ ഫീസ് നൽകണം. പത്തനംതിട്ട സർക്കാർ നഴ്സിങ് കോളജിലെ ബി.എസ്.സി നഴ്സിങ് രണ്ടാം വർഷ വിദ്യാർഥികൾക്കാണ് വാൻ ഫീസ് ഇനത്തിലും പണം അടയ്ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുള്ളത്.
കോളജിന് സ്വന്തമായി ബസ് ഇല്ലാതെ വിദ്യാർഥികൾ വലയുമ്പോഴാണ് പ്രിൻസിപ്പൽ നിർദേശം നൽകിയത്. വാൻ ഫീസായി 1740 രുപയാണ് ഒരാൾ നൽകണ്ടേത്. ട്യൂഷൻ ഫീസ് 17370, ഇതരഫീസ് 1740, വാൻ ഫീസ് 1740 എന്നിവ ഉൾപ്പെടെ മൊത്തം 20850 രൂപയാണ് മൂന്നും നാലും സെമസ്റ്ററിൽ നൽകാൻ ആവശ്യപ്പെട്ടത്. ഡിസംബർ 31ന് മുമ്പ് തുക അടച്ചില്ലെങ്കിൽ പിഴയുമുണ്ട്.
കുട്ടികൾ പഠന ആവശ്യത്തിന് കോന്നി മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും ബസിൽ പോകുന്നത് കൈയിലെ പണം മുടക്കിയാണ്.
ബസ് ഉൾപ്പെടെ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ കുട്ടികൾ ദുരിതം അനുഭവിക്കുകയാണിവിടെ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തിട്ടും ഫലം കണ്ടില്ല. പത്തനംതിട്ട കോളജ് റോഡിലെ വാടക കെട്ടിടത്തിലാണ് പ്രവർത്തനം. കൂടുതൽ സ്ഥല സൗകര്യമുള്ള കെട്ടിടം കണ്ടെത്തുമെന്ന് അധിക്യതർ പറഞ്ഞിട്ടും നടപടിയുണ്ടായില്ല. സമരത്തെ ത്തുടർന്ന് ബസ് അനുവദിക്കുമെന്ന് ഉറപ്പ് നൽകിയിട്ടും അതും ഉണ്ടായില്ല. ഇപ്പോൾ രണ്ടാം ബാച്ച് കൂടി എത്തിയതോടെ കുട്ടികളുടെ ദുരിതം ഇരട്ടിച്ചു. രണ്ടും ബാച്ചിലും കൂടി മൊത്തം 120 കുട്ടികളാണുള്ളത്.
ഒന്നാം വർഷ വിദ്യാർഥികൾക്ക് ആഴ്ചയിൽ മൂന്ന് ദിവസം കോന്നി മെഡിക്കൽ കോളജിൽ അനാട്ടമി ക്ലാസുണ്ട്. ഈ മുന്ന് ദിവസം രണ്ടാം വർഷക്കാർക്ക് കോളജിൽ ക്ലാസ് ഉണ്ടാകും. ബാക്കിയുള്ള നാല് ദിവസം രണ്ടാം വർഷക്കാർക്ക് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ക്ലിനിക്ക് നൽകുകയാണ്, ഈ സമയം ഒന്നാം വർഷ വിദ്യാർഥികൾക്ക് കോളജിൽ ക്ലാസെടുക്കും. ഇങ്ങനെ രണ്ടുവർഷത്തെ വിദ്യാഥികളും മാറി മാറി ഒരു ചെറിയ ക്ലാസ്മുറിയാണ് ഉപയോഗിക്കുന്നത്. നിലവിലത്തെ കോളജ് കെട്ടിടത്തിന്റെ സൗകര്യക്കുറുവ് ചൂണ്ടിക്കാട്ടി കുട്ടികൾ പലതവണ പരാതി നൽകിയിരുന്നു. സമരവും നടത്തിയിരുന്നു. എന്നാൽ, അന്ന് അധികൃതർ പുതിയ ബാച്ച് എത്തുന്നതോടെ എല്ലാ സൗകര്യങ്ങളുമുള്ള പുതിയ കെട്ടിടത്തിലേക്ക് മാറാമെന്ന വാഗ്ദാനമായിരുന്നു നൽകിയിരുന്നത്. പക്ഷേ പുതിയ ബാച്ച് എത്തിയപ്പോഴും അവഗണന തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.