റബർ: തറവില വർധിപ്പിച്ചെങ്കിലും കർഷകർക്ക് നിരാശ
text_fieldsപത്തനംതിട്ട: ബജറ്റിൽ റബറിെൻറ തറവില 150ൽനിന്ന് 170 രൂപയായി വർധിപ്പിെച്ചങ്കിലും കർഷകർ നിരാശയിൽതന്നെ. തറവില 200 രൂപയെങ്കിലും ആക്കണമെന്ന ആവശ്യം ഉയരുമ്പോഴാണ് നാമമാത്ര വർധന.
കോവിഡ്കാലത്ത് റബർ ഉൽപാദനത്തിൽ കാര്യമായ വർധനയുണ്ടായിരുന്നു. വിപണിയിൽ നേരിയ വിലവർധന കണ്ടുതുടങ്ങിയപ്പോൾ കർഷകർ വലിയ പ്രതീക്ഷയിലുമായിരുന്നു. പക്ഷേ കിലോക്ക് 110-120 രൂപ മാത്രമാണ് സാധാരണ കർഷകന് ഇപ്പോഴും ലഭിക്കുന്നത്. ചെറുകിട നാമമാത്ര കർഷകർക്കാകട്ടെ വിപണിവില മാത്രമാണ് ആശ്രയം. കോവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലായതും അവരാണ്.
ഉൽപന്നം വിറ്റഴിക്കാൻപോലും മാർഗമില്ലാതെ കർഷകർ വലഞ്ഞു. ധനമന്ത്രി പ്രഖ്യാപിച്ച വർധന ഏപ്രിൽ മുതലാണ് നടപ്പാകുന്നത്. ആറുവർഷം മുമ്പ് കെ.എം. മാണി ധനമന്ത്രിയായിരിക്കവേയാണ് റബറിന് 150 രൂപ തറവില പ്രഖ്യാപിച്ചത്. റബർ ബോർഡ് പ്രഖ്യാപിക്കുന്ന വിലയും 150 രൂപയും തമ്മിലുള്ള അന്തരം എത്രയാണ് അത്രയും തുക സർക്കാർ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപനം.
ഇപ്പോൾ പുതിയ തറവില നിലവിൽ വരുന്നതോടെ വിപണി വിലയും 170 രൂപയും തമ്മിലുള്ള അന്തരമാണ് കണക്കാക്കേണ്ടത്. ജില്ലയിലെ റബർ കർഷകരിൽ നല്ലൊരു പങ്കിനും ഒന്നരവർഷമായി സബ്സിഡി ലഭിച്ചിട്ടില്ല എന്ന പ്രശ്നവും നിലനിൽക്കുന്നു. നേരത്തേതന്നെ കർഷകർക്ക് സബ്സിഡി തുക മാസങ്ങൾ വൈകിയാണ് ലഭിച്ചുവന്നത്.
വിൽക്കുന്ന റബറിെൻറ ബില്ല് സമർപ്പിച്ചാൽ പണം ലഭിക്കാൻ ഏറെ കഴിയുമെന്നതായിരുന്നു സ്ഥിതി. എൽ.ഡി.എഫ് സർക്കാറിെൻറ കാലത്ത് സബ്സിഡി നൽകാനുള്ളത് 26 കോടി രൂപയാണെന്നാണ് കണക്ക്. തറവില കൂടുമ്പോൾ കുടിശ്ശിക വീണ്ടും കൂടും. സബ്സിഡി പണവും അതത് മാസംതന്നെ ലഭിച്ചാൽ മാത്രമേ പ്രയോജനമുള്ളൂവെന്ന് കർഷകർ പറയുന്നു.
ഉൽപാദനച്ചെലവ് വർധിച്ചതാണ് ഇതിന് കാരണം. കൂലിച്ചെലവും പരിപാലനച്ചെലവും കൂടിയതോടെ റബർ കൃഷി ലാഭകരമല്ലാതായിരിക്കുന്നുവെന്നും കർഷകർ പറയുന്നു. പലരും കൃഷി ഉപേക്ഷിച്ച് മറ്റ് കൃഷികളിലേക്ക് കടന്നെങ്കിലും കിഴങ്ങുവർഗങ്ങൾ അടക്കമുള്ളവയിൽ കാട്ടുപന്നി ശല്യം കാരണം വീണ്ടും റബറിലേക്ക് തിരിച്ചുവരുകയാണ്.
എന്നാൽ, റബർതൈകളെയും ഇപ്പോൾ കാട്ടുപന്നികൾ ഒഴിവാക്കുന്നില്ല. മലയോര മേഖലയിൽ ചെറിയ റബർ മരങ്ങളൊക്കെ വ്യാപകമായി നശിപ്പിക്കപ്പെടുന്നത് നിത്യസംഭവമാണ്. ഇത്തരം പ്രതിസന്ധികൾക്കിടയിൽ പിടിച്ചുനിൽക്കാൻ 250 രൂപയെങ്കിലും റബറിന് ലഭിക്കണമെന്നതാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.