സ്കൂളുകൾ അടച്ചു: ഇനി മൂല്യനിർണയ തിരക്ക്
text_fieldsപത്തനംതിട്ട: പരീക്ഷകളെല്ലാം പൂർത്തീകരിച്ച് ഇക്കൊല്ലത്ത അധ്യയനവർഷത്തിന് പരിസമാപ്തിയായി. രണ്ടുദിവസത്തെ വിശ്രമശേഷം അധ്യാപകർ തിങ്കളാഴ്ച മുതൽ എസ്.എസ്.എൽ.സി- ഹയർ സെക്കൻഡറി പരീക്ഷ മൂല്യനിർണയ ക്യാമ്പുകളിലേക്ക് പ്രവേശിക്കുകയാണ്. എസ്.എസ്.എൽ.സി പരീക്ഷ 29നും ഹയർ സെക്കൻഡറി പരീക്ഷ 30നും അവസാനിച്ചുവെങ്കിലും വെള്ളിയാഴ്ചയും സ്കൂളുകൾക്ക് പ്രവൃത്തിദിനമായിരുന്നു.
അധ്യാപകരെല്ലാം വെള്ളിയാഴ്ചയും എത്തി. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം, അവധിക്കാല പരിശീലന പരിപാടികൾ തുടങ്ങിയവയായിരുന്നു സ്കൂളുകളിൽ വെള്ളിയാഴ്ച ക്രമീകരിക്കാനുണ്ടായിരുന്ന ജോലികൾ. സർവിസിൽനിന്ന് വിരമിക്കുന്ന സഹപ്രവർത്തകരെ വീടുകളിലെത്തിച്ചശേഷമാണ് അധ്യാപകർ മടങ്ങിയത്. മാർച്ച് 10നാണ് ഇക്കൊല്ലം പൊതുപരീക്ഷകൾ ആരംഭിച്ചത്. ഒപ്പം ഇതര ക്ലാസുകളിലെ വാർഷിക പരീക്ഷകളും നടത്തി. പിടിപ്പത് ജോലിയാണ് പ്രഥമാധ്യാപകർക്കും അധ്യാപകർക്കും ഇതുകാരണം ഉണ്ടായത്.
100 അധ്യയനദിനങ്ങൾ തികയാതെ പ്ലസ് വൺ
ഹയർ സെക്കൻഡറി ഒന്നാംവർഷക്കാർക്ക് ഇക്കൊല്ലവും 100 പ്രവൃത്തിദിനങ്ങൾ പോലും തികക്കാനായില്ല. വൈകിയാണ് ക്ലാസുകൾ തുടങ്ങിയത്. രണ്ടാംവർഷക്കാർക്ക് 200 അധ്യയനദിനങ്ങൾ ലക്ഷ്യമിട്ടെങ്കിലും അതും ലഭ്യമായില്ല. ഹയർ സെക്കൻഡറി രണ്ടാംവർഷ ക്ലാസുകൾ ജൂണിൽ തുടങ്ങിയെങ്കിലും ഒന്നാംവർഷ ഇംപ്രൂവ്മെന്റ് പരീക്ഷ പൂർത്തീകരിച്ച് ക്ലാസുകൾ സുഗമമായി ആരംഭിച്ചത് ആഗസ്റ്റോടെയാണ്. ഒന്നാംവർഷ പ്രവേശന നടപടി പൂർത്തീകരിച്ച് ക്ലാസുകൾ റെഗുലറായി തുടങ്ങിയത് നവംബറിലും. ഒന്നും രണ്ടുവർഷ പരീക്ഷകൾ ഇക്കുറി ഒന്നിച്ചുനടത്തിയതോടെ ക്ലാസുകൾ ഫെബ്രുവരി ആദ്യവാരം തന്നെ അവസാനിച്ചു.
ഹയർ സെക്കൻഡറിക്ക് നാല് ക്യാമ്പുകൾ
ഹയർ സെക്കൻഡറിയിൽ സംസ്ഥാനത്ത് 80 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളുണ്ട്. ജില്ലയിൽ നാല് കേന്ദ്രങ്ങളിലാണ് മൂല്യനിർണയം. അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, പത്തനംതിട്ട മാർത്തോമ എച്ച്.എസ്.എസ്, പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്.എസ്.എസ്, കോഴഞ്ചേരി സെന്റ് തോമസ് എച്ച്.എസ്.എസ് എന്നിവയാണ് ജില്ലയിലെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ.
ഇതിൽ പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്.എസ്.എസ് ഇരട്ട മൂല്യനിർണയ കേന്ദ്രമാണ്. ഹയർ സെക്കൻഡറിയിൽ ഒരാൾ 30 പേപ്പറുകളാണ് ഒരുദിവസം മൂല്യനിർണയം നടത്തേണ്ടത്. ഉച്ചക്കുമുമ്പ് 15 പേപ്പറുകളും ഉച്ചകഴിഞ്ഞ് 15 പേപ്പറുകളും പരിശോധനക്ക് ലഭിക്കും.
ഇരട്ട മൂല്യനിർണയം, പിടിപ്പത് പണി
ഹയർ സെക്കൻഡറി പരീക്ഷയിൽ ഇരട്ട മൂല്യനിർണയം നടത്തേണ്ട ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് ഇരട്ട മൂല്യനിർണയമാണ്. ഇതുമായി ബന്ധപ്പെട്ട് ഇക്കുറി അധ്യാപകർക്ക് പിടിപ്പതുപണിയാണ്. മൂന്ന് വിഷയങ്ങളിലെയും ഉത്തരക്കടലാസുകളുടെ ഫ്രണ്ട് ഷീറ്റ് മാറ്റുകയും ഫോൾസ് നമ്പരിട്ട് രണ്ടു നമ്പറുകളും ബുക്കിലെഴുതുകയും കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുകയും ചെയ്താണ് മൂല്യനിർണയത്തിന് അയക്കേണ്ടത്.
രണ്ടുദിവസം മൂമ്പ് പൂർത്തീകരിക്കേണ്ട ഈ ജോലി ഇപ്പോഴും തുടരുകയാണ്. മുമ്പ് നാലുപേരെ നിയോഗിച്ച് ഒരുദിവസം 750 പേപ്പറുകൾ എന്ന രീതിയിൽ ചെയ്തിരുന്ന ജോലി ഇത്തവണ ഒരാൾ 400 പേപ്പർ ഒരുദിവസം ചെയ്യണമെന്നാണ് നിർദേശം. കഴിഞ്ഞവർഷം ഒരാൾ 250 പേപ്പർ ഇത്തരത്തിൽ ചെയ്താൽ മതിയായിരുന്നു. പരീക്ഷ ഡ്യൂട്ടിക്കൊപ്പമാണ് ഇത്തവണ ഈ ജോലി.
എസ്.എസ്.എൽ.സിക്ക് അഞ്ച് ക്യാമ്പുകൾ
എസ്.എസ്.എൽ.സി കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ ജില്ലയിൽ അഞ്ചെണ്ണമാണ്. തിരുവല്ല എം.ജി.എം.എച്ച്.എസ്.എസ് (ഫിസിക്സ്, മലയാളം -ഒന്ന്), തിരുവല്ല ബാലികാമഠം എച്ച്.എസ്.എസ് (ഹിന്ദി, സോഷ്യൽ സയൻസ്), കാരംവേലി എസ്.എൻ.ഡി.പി.എച്ച്.എസ്.എസ് (ഇംഗ്ലീഷ്, ബയോളജി), മല്ലപ്പള്ളി സി.എം.എസ്.എച്ച്.എസ്.എസ് (കെമിസ്ട്രി, ഫിസിക്സ്), റാന്നി എം.എസ്.എച്ച്.എസ്.എസ് (മലയാളം - രണ്ട്, ഗണിതശാസ്ത്രം) എന്നിവയാണവ. ഇതാദ്യമായാണ് റാന്നി എം.എസ്. എച്ച്.എസ്.എസിൽ ക്യാമ്പ് വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.