സംസ്ഥാനപാത നിർമാണം; അപകട വളവുകളിൽ സുരക്ഷ ഏർപ്പെടുത്തും
text_fieldsകോന്നി: മണ്ണാറക്കുളഞ്ഞി ആശുപത്രി വളവിലെയും രണ്ടാം കലുങ്കിലെയും അപകട വളവുകളിൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നു കെ.യു. ജനീഷ്കുമാർ എം.എൽ.എ പറഞ്ഞു. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാത പ്രവൃത്തിയുടെ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് സ്ഥലത്തും കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർ പ്രമോജ് ശങ്കറും ഒപ്പം സന്ദർശിച്ചു. ട്രാൻസ്പോർട്ട് അസിസ്റ്റന്റ് കമീഷണർ കൂടിയായ അദ്ദേഹം മോട്ടോർ വാഹന വകുപ്പിനോട് സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താൻ റിപ്പോർട്ട് രണ്ടുദിവസത്തിനകം സമർപ്പിക്കാൻ നിർദേശിച്ചു. ഈ ഭാഗത്തെ റോഡ് ഉന്നത നിലവാരത്തിൽ നിർമിച്ചതോടെ അമിതവേഗ അപകടങ്ങൾക്ക് ആക്കംകൂട്ടുകയാണ്. നിർമാണം പുരോഗമിക്കുന്ന കോന്നി -പുനലൂർ റീച്ചിൽ കോന്നി നിയോജകമണ്ഡലത്തിൽ ഇനി നാല് കിലോമീറ്റർ റോഡ് കൂടിയാണ് ടാർ ചെയ്യാനുള്ളത്. മണ്ഡലകാലം ആരംഭിക്കുന്നതിനു മുമ്പ് റോഡ് പൂർണമായും ഗതാഗതയോഗ്യമാക്കും. കോന്നി പഞ്ചായത്ത് ഓഫിസിൽ ചേർന്ന യോഗത്തിൽ കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർ പ്രമോദ് ശങ്കർ, ചീഫ് എൻജിനീയർ കെ. ലിസി, സൂപ്രണ്ടിങ് എൻജിനീയർ ബിന്ദു, എക്സിക്യൂട്ടിവ് എൻജിനീയർ ജാസ്മിൻ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, പഞ്ചായത്ത് പ്രസിഡന്റുമാരായ സുരേഖ വി. നായർ, ടി.വി. പുഷ്പവല്ലി, ചന്ദ്രിക സുനിൽ, പത്തനംതിട്ട ഡെപ്യൂട്ടി കലക്ടർ ടി. ജയശ്രീ, കോന്നി തഹസിൽദാർ കുഞ്ഞച്ചൻ, സ്പെഷൽ തഹസിൽദാർ മുഹമ്മദ് നവാസ്, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ കോശി, കെ.ഐ.പി അസിസ്റ്റന്റ് എൻജിനീയർ അനന്തു, പഞ്ചായത്ത് സെക്രട്ടറിമാർ, കരാർ കമ്പനി ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി നേതാക്കൾ, ഓട്ടോ ടാക്സി നേതാക്കൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന തീരുമാനങ്ങൾ: ഗതാഗതക്കുരുക്കിന് സാധ്യതയുള്ള മാരൂർ -വകയാർ പാലങ്ങളിൽ വാഹന ഗതാഗതം സുഗമമാക്കും. നെടുമൺകാവ് മുതൽ ഗാന്ധി ജങ്ഷൻ വരെ തോട്ടിൽ കൈയേറ്റം കണ്ടെത്തി സംരക്ഷണഭിത്തി പുനർനിർമിക്കും. ഇതിനായി കോന്നി തഹസിൽദാർ, മൈനർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും. വീതി കുറവുള്ള കലഞ്ഞൂർ പാലം വീതി വർധിപ്പിക്കും. അയ്യപ്പഭക്തർ വിരിവെക്കുന്ന കലഞ്ഞൂർ ആൽത്തറ ജങ്ഷനിലേക്കുള്ള ഇരുവഴികളും കോൺക്രീറ്റ് ചെയ്ത് ഗതാഗതം സുഗമമാക്കും. കൂടൽ ജങ്ഷനിലും കൂടൽ പോസ്റ്റ് ഓഫിസ് ജങ്ഷനിലും കൂടൽ ക്ഷേത്രം ജങ്ഷനിലും ഓട നിർമിക്കുന്നത് സംയുക്ത പരിശോധനയിൽ
കരാറുകാരെ കൂടി ഉൾപ്പെടുത്തി എസ്റ്റിമേറ്റ് തയാറാക്കും. ഇഞ്ചപ്പാറ പെട്രോൾ പമ്പിന് സമീപം തോട് തടസ്സപ്പെടുത്തി നിർമിച്ചിരിക്കുന്ന പാലം പരിശോധിക്കും. കോന്നി ചൈനാമുക്കിൽ ഗുരുമന്ദിരത്തിന് സമീപത്തുകൂടി പോകുന്ന റോഡിൽ കലുങ്കിൽനിന്നുള്ള വെള്ളം ഒഴുകുന്നത് കെ.എസ്.ടി.പിയുടെ ഓടയിലേക്ക് ബന്ധിപ്പിക്കും. കോന്നി ടൗണിൽ സെന്റർ ജങ്ഷനിൽ റൗണ്ടാന നിർമിക്കും. കോന്നി ടൗണിലെ കുടിവെള്ള കണക്ഷൻ പൂർണമായും 21ാം തീയതി പുനഃസ്ഥാപിക്കുമെന്ന് കരാറുകാർ അറിയിച്ചു. കോന്നി ടൗണിൽ പഞ്ചായത്ത് പുറമ്പോക്ക് ഏറ്റെടുക്കുന്നത് സംയുക്ത പരിശോധന നടത്തി പരിഹരിക്കും. കോന്നി സജി പ്രസിന് സമീപത്തെ ട്രാൻസ്ഫോർമർ കാൽനടക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ ക്രമീകരിക്കും. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ഭാഗത്ത് വെള്ളക്കെട്ട് തടയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.