സാഹസമാണ് ഈ ചെമ്പ്ര കടവ് കടക്കൽ
text_fieldsതിരുവല്ല: പതിറ്റാണ്ടുകൾ പലത് കഴിഞ്ഞിട്ടും തിരുവല്ല മേപ്രാൽ തണുങ്ങാട് ഭാഗത്തെ ചെമ്പ്ര കടവിൽ പാലം എത്തിയില്ല. അപ്പർ കുട്ടനാടൻ പ്രദേശമായ പെരിങ്ങര പഞ്ചായത്തിലെ മൂന്നാം വാർഡിൽ ഉൾപ്പെടുന്ന തണുങ്ങാട് ഭാഗത്ത് നാട്ടുകാർ നിർമിച്ച തടിപ്പാലം മാത്രമാണ് വിദ്യാർഥികളും കർഷകരും അടങ്ങുന്നവർക്ക് ഇന്നും ആശ്രയം. ജീവൻ പണയപ്പെടുത്തിയാണ് 40 വർഷമായി ജനങ്ങൾ ഈ തടിപ്പാലത്തിലൂടെ യാത്ര ചെയ്യുന്നത്.
ഇതിനിടെ പലവട്ടം പാലം തകർന്നു നിരവധി പേർ തോട്ടിൽ വീണിട്ടുണ്ട്. കാവുംഭാഗം-ഇടിഞ്ഞില്ലം റോഡിലെ വേങ്ങലിൽനിന്നും വേളൂർ മുണ്ടകത്തേക്കുള്ള വഴിയും മേപ്രാൽ-തണുങ്ങാട് റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന ചന്തതോടിന് കുറുകയാണ് പാലം വേണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.
തടിപ്പാലം ബലക്ഷയത്തിലാണ്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പഞ്ചായത്ത് അംഗം ഷൈജുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ ജലവിഭവ വകുപ്പിന് നിവേദനം നൽകിയിരുന്നു. തുടർന്ന് പാലത്തിനു വേണ്ടി 75 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. എന്നാൽ, എസ്റ്റിമേറ്റ് തയാറാക്കലിൽ മാത്രമായി പദ്ധതി ചുരുങ്ങി. കഴിഞ്ഞ ദിവസം നടന്ന അദാലത്തിൽ പരാതി എത്തിയതോടെ തിരുവല്ല സബ് കലക്ടർ സഫ്ന നസ്റുദ്ദീൻ സ്ഥലം സന്ദർശിച്ചിരുന്നു. ഇത്തവണയെങ്കിലും തങ്ങളുടെ യാത്രാദുരിതത്തിന് അറുതിവരും എന്ന വിശ്വാസത്തിലാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.