ബൈക്ക് മാറിയെടുത്ത് പുലിവാലുപിടിച്ചു; മോഷണക്കേസിൽനിന്ന് രക്ഷപ്പെട്ട് യുവാവ്
text_fieldsമല്ലപ്പള്ളി: രൂപസാദൃശ്യം കാരണം അബദ്ധത്തിൽ ബൈക്ക് മാറിയെടുത്ത് കൊണ്ടുപോയ യുവാവ് മോഷണക്കേസിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. അബദ്ധം മനസ്സിലാക്കി മാറിയെടുത്ത ബൈക്കും സ്വന്തം ബൈക്കും പൊലീസിന് മുന്നിൽ ഹാജരാക്കി നിരപരാധിത്വം വ്യക്തമാക്കി.
കീഴ്വായ്പ്പൂര് എസ്.എച്ച്.ഒ വിപിൻ ഗോപിനാഥും എസ്.ഐ സുരേന്ദ്രനും മറ്റ് ഉദ്യോഗസ്ഥരും സത്യാവസ്ഥ തിരിച്ചറിഞ്ഞതോടെ യുവാവ് രക്ഷപ്പെട്ടു. മല്ലപ്പള്ളി ആനിക്കാട് റോഡിൽ വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം.
ആനിക്കാട് കാരമുള്ളാനിക്കൽ അഭിലാഷിന്റെ കെ.എൽ -28 ഇ 7250 ബൈക്കാണ് ആനിക്കാട് സ്വദേശിയായ രതീഷ് എടുത്ത് കൊണ്ടുപോയത്.
ഉച്ചക്ക് 12ഓടെ അഭിലാഷ്, ബൈക്ക് ആനിക്കാട് റോഡിൽ പാർക്ക് ചെയ്ത ശേഷം ജോലിക്കായി റാന്നിക്ക് പോയി. വൈകീട്ട് നാലോടെ അഭിലാഷ് തിരികെ എത്തിയപ്പോൾ വാഹനം കാണാനില്ല.
പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു. പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ആനിക്കാട് ഭാഗത്തേക്ക് ഓടിച്ചുപോയ ബൈക്ക് യാത്രികനെ ചുറ്റിപ്പറ്റി പൊലീസ് സംഘം നീങ്ങി. വെള്ളിയാഴ്ച രാവിലെ മോഷണം പോയ ബൈക്കുമായി രതീഷ് സ്റ്റേഷനിലെത്തി സത്യം പറഞ്ഞു.
ഇരുവാഹനത്തിന്റെയും രൂപസാദൃശ്യം കാരണമാണ് അബദ്ധം പറ്റിയതെന്ന് ഇയാൾ അറിയിച്ചു. രതീഷിന്റെ നിരപരാധിത്വം മനസ്സിലാക്കി മൊഴി എടുത്ത് വിട്ടയച്ചു. സിവിൽ പൊലീസ് ഓഫിസർമാരായ അരുൺ ഗോപി, സഹിൽ, വിജീഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.