ദേ ഇന്നസെൻറ് 'അരികെ'; വയോധികർക്ക് മഹാബലം പകർന്ന് ഓണാശംസ
text_fieldsഗുരുവായൂര്‍: 1990കളിൽ ഓണകാസറ്റുകളുടെ പൂക്കാലത്ത് മാവേലിയുടെ ശബ്ദമായിരുന്ന ഇന്നസെൻറ് ഇത്തവണത്തെ തിരുവോണ നാളിൽ ഗുരുവായൂർ നഗരസഭയിലെ മുതിർന്ന പൗരന്മാർക്ക് 'അരികെ' എത്തി. മഹാമാരിക്കാലത്തെ അടച്ചിടലിൽ വീടുകളിൽ ഒതുങ്ങിപ്പോയ വയോധികർക്കായി നഗരസഭ ആരംഭിച്ച 'അരികെ' വെബിനാറിെൻറ 84ാം നാളിലാണ് നടനും മുൻ എം.പിയുമായ ഇന്നസെൻറ് അതിഥിയായെത്തിയത്. 'അടുത്ത ഓണത്തിന് നമ്മളുണ്ടാവുമോ, ആവോ...' എന്ന ആശങ്കയോടെ മുതിർന്ന പൗരന്മാർ ഓണം ആഘോഷിക്കുന്ന രീതി മാറ്റണമെന്നായിരുന്നു അദ്ദേഹത്തിന് ഓണാശംസയായി പറയാനുണ്ടായിരുന്നത്. നമ്മളൊക്കെ ഇനിയുമേറെ ഓണം ഉണ്ണും എന്ന ആത്മവിശ്വാസത്തിലാകണം ആഘോഷങ്ങൾ. 73 വയസ്സിലെത്തി നിൽക്കുന്ന താൻ മൂന്ന് തവണ കാൻസറിനെ അതിജീവിച്ചു. അസുഖം അതിെൻറ വഴിക്കുപോകും എന്നതാണ് തെൻറ ലൈൻ. അസുഖം വന്നാൽ കൃത്യമായി ചികിത്സിക്കണം. അവരവരുടെ ആത്മസുഖത്തിനായി അമ്പലത്തിലും പള്ളിയിലുമൊക്കെ വഴിപാടുകൾ നടത്തുന്നത് നല്ലതാണ്. പക്ഷേ, ചികിത്സ നിർത്തിെവച്ച് ആരും വഴിപാടുകൾക്ക് പുറകെ പോകരുതെന്നും ഇന്നസെൻറ് ഉപദേശിച്ചു.
കാണാനെത്തുന്നവരോടും ഫോൺ ചെയ്യുന്നവരോടും തെൻറ രോഗങ്ങൾ മാത്രം പറഞ്ഞ് ബോറടിപ്പിക്കരുതെന്നും ഉപദേശമുണ്ടായി. പ്രായമായവരുടെ ഒറ്റപ്പെടൽ പുതിയ തലമുറ മനസ്സിലാക്കി പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസ് ഓണ സന്ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.