മാലിന്യക്കുഴി മരണക്കുഴിയായി; ദുരന്തം നാടിനെ നടുക്കി
text_fieldsചാലക്കുടി: കാരൂരിലെ റോയൽ ബേക്കറി സ്ഥാപനത്തിന്റെ മാലിന്യക്കുഴിയിൽ രണ്ട് ജീവനക്കാരുടെ ദാരുണാന്ത്യം നാടിന് നടുക്കമായി. സുരക്ഷ സംവിധാനങ്ങളുമില്ലാതെ മാലിന്യക്കുഴിയിൽ ഇറങ്ങിയത് വൻദുരന്തത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. ബേക്കറിയിലേക്കുവേണ്ട വിഭവങ്ങൾ നിർമിക്കുന്ന വലിയ സ്ഥാപനമാണ് റോയൽ ബേക്കേഴ്സ്. അതിന്റെ ബോർമ്മയിൽ 10ഓളം ജീവനക്കാരാണ് ജോലിചെയ്യുന്നത്. സുനിൽകുമാർ ബേക്കറിയിലെ ബോർമ്മയിലെ പാചകക്കാരനും ജിതേഷ് സഹായിയുമാണ്. ഇരുവരും എട്ടുവർഷത്തോളമായി ഇവിടെ ജോലി ചെയ്തുവരുന്നു.
ബേക്കറിയുടെ കെട്ടിടത്തിന് ഏറ്റവും പിന്നിൽ ബോർമ്മയോട് ചേർന്ന വർക്ക് ഏരിയയിലെ സിങ്കിന്റെ അടിയിലാണ് മാലിന്യടാങ്ക് നിർമിച്ചിട്ടുള്ളത്. ഒരാൾക്ക് കഷ്ടിച്ച് ഇറങ്ങിപ്പോകാൻ കഴിയുന്നത്ര ഇടുങ്ങിയ മാൻഹോൾ മാത്രമാണ് അതിനുള്ളത്. മലിനജലം ഒഴുകിപ്പോകുന്നത് തടസ്സപ്പെട്ടതോടെയാണ് ഇവർ പൈപ്പുകൾ പരിശോധിച്ച് അവസാനം മാലിന്യക്കുഴിയിൽ എത്തുകയായിരുന്നു. ഇത്തരം തടസ്സങ്ങൾ വരുമ്പോൾ നേരത്തേയും ഇവർ അത് തുറന്ന് കോണിവെച്ച് ഇറങ്ങിയ അനുഭവത്തിലാണ് ഇത്തവണയും ഇറങ്ങിയത്.
എന്നാൽ, നാലടിയിലേറെ മാലിന്യം നിറഞ്ഞിരുന്നു. അതിന്റെ ഫലമായി വിഷവാതകം രൂപപ്പെട്ടത് മനസ്സിലാക്കിയില്ല. മാലിന്യക്കുഴിയിലേക്ക് കരുതലില്ലാതെ ഇറങ്ങിയതാണ് ദുരന്തത്തിൽ കലാശിച്ചത്. മറ്റുള്ളവർ ഭക്ഷണം കഴിക്കുന്ന സമയത്തായതിനാൽ ഇവർ കുഴിയിലേക്ക് ഇറങ്ങിയത് എന്നതിനാൽ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടില്ല. ആദ്യം സഹായിയായ ജിതേഷ് ഇറങ്ങുകയായിരുന്നുവത്രെ. അയാൾ കുഴഞ്ഞുവീണതോടെ സുനിൽ കുമാർ രക്ഷപ്പെടുത്താൻ ഇറങ്ങിയപ്പോൾ ഓക്സിജൻ കിട്ടാതെ അയാളും വീഴുകയായിരുന്നു. ഇതോടെ വിവരമറിഞ്ഞെത്തിയ സ്ഥാപനമുടമക്ക് മണം മൂലം ശ്വാസം മുട്ടി. ഇതോടെ മറ്റുള്ളവർക്ക് ഭയമായി. ഇടുങ്ങിയ മാൻഹോളിലൂടെ കയറ്റിക്കൊണ്ടുവരിക എളുപ്പമായിരുന്നില്ല. ചാലക്കുടിയിൽ നിന്നെത്തിയ അഗ്നിരക്ഷ സേന അംഗങ്ങളാണ് സന്നാഹങ്ങളുമായി എത്തി ഇവരെ മുകളിൽ കയറ്റിയത്. അപ്പോഴേക്കും ചലനം നിലച്ചിരുന്നു. പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.